ഷാഫി പോസ്റ്റ്മോര്‍ട്ടം വിദഗ്ധന്‍റെ സഹായി? ഇരട്ട നരബലിയില്‍ പുതിയ വിവരത്തിന് പിന്നാലെ പൊലീസ്

Published : Oct 15, 2022, 01:45 PM ISTUpdated : Oct 15, 2022, 03:43 PM IST
ഷാഫി പോസ്റ്റ്മോര്‍ട്ടം വിദഗ്ധന്‍റെ സഹായി? ഇരട്ട നരബലിയില്‍ പുതിയ വിവരത്തിന് പിന്നാലെ പൊലീസ്

Synopsis

ഭഗവൽ സിംഗിന്‍റെ വീട്ടില്‍ നിന്ന് കുഴിച്ചെടുത്ത മൃതദേഹം കഷണങ്ങളാക്കിയ രീതി കണ്ടാണ് ഫോറൻസിക് വിദഗ്ധർ സംശയം പ്രകടിപ്പിച്ചത്. വെട്ടുകത്തിയും കറിക്കത്തിയുമാണ് മൃതദേഹം 56 കഷണങ്ങളാക്കാൻ ഉപയോഗിച്ചതെങ്കിലും വിദഗ്ധമായാണ് ഇക്കാര്യം ചെയ്തിരിക്കുന്നത്.

കൊച്ചി: ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി സർക്കാർ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം വിദഗ്ധന്‍റെ സഹായിയായി പ്രവർത്തിച്ചതിൽ പൊലീസ് അന്വേഷണം. മധ്യകേരളത്തിലെ സർക്കാർ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായപ്പോഴാണ് പോസ്റ്റ്മോർട്ടം മുറിയിലും മുഹമ്മദ് ഷാഫി പ്രവർത്തിച്ചത്.

നരബലി ചെയ്ത് കുഴിച്ചുമൂടിയ പദ്മയുടെ മൃതദേഹം കഷണങ്ങളാക്കിയ രീതി കണ്ടാണ് ഫോറൻസിക് വിദഗ്ധർ ഇത്തരം സംശയം പൊലീസിനെ അറിയിച്ചത്. വെട്ടുകത്തിയും കറിക്കത്തിയുമാണ് മൃതദേഹം 56 കഷണങ്ങളാക്കാൻ ഉപയോഗിച്ചതെങ്കിലും വിദഗ്ധമായാണ് ഇക്കാര്യം ചെയ്തിട്ടുള്ളത്. പൊലീസ് പരിശോധനയിൽ മുഹമ്മദ് ഷാഫി ഇറച്ചിക്കടയിലും പോസ്റ്റ്മോർട്ടം നടത്താറുള്ള ഡോക്ടർറുടെ സഹായിയായും താൽക്കാലിക ജോലി ചെയ്തതായി കണ്ടെത്തി. മധ്യകേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ ഇക്കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. 

ചോദ്യം ചെയ്യലിൽ മുഹമ്മദ് ഷാഫി കൃത്യമായ ഒരു മറുപടിയും നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ഇലന്തൂരിലെ വിട്ടുവളപ്പിലെ തുടർ പരിശോധന നിർണ്ണായകമാകും. അതേസമയം, കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെ മൃതദേഹത്തിന്‍റെ പോസ്റ്റ്മോർട്ടം നടപടി പുരോഗമിക്കുകയാണ്. ഇത്ര സുദീർഘമായ പോസ്റ്റ്മോർട്ടവും അപൂർവ്വമാണ്. ശരീരത്തിലെ എല്ലാ അവയവങ്ങളും കണ്ടെത്തിയവയിലുണ്ടോ എന്നതും പോസ്റ്റ്മോർട്ടം നടപടിയിൽ വ്യക്തമാകും. നൂറിലേറെ ശരീരഭാഗങ്ങളാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.

Also Read: സംസാരിച്ച് ആളെ വീഴ്ത്താൻ മിടുക്കൻ; വൃദ്ധയെ പീഡിപ്പിച്ച കേസിലെ പ്രതി, കൈവശം നിരവധി വാഹനങ്ങൾ, സ്ഥിരം മദ്യപാനി

അതേസമയം, ഇലന്തൂരിലെ ഭഗവൽ സിംഗിന്‍റെ വീട്ടുപറമ്പ് അന്വേഷണ സംഘം വിശദമായി കുഴിച്ച് പരിശോധിക്കും. പ്രതികൾ കൂടുതൽ സ്ത്രീകളെ നരബലി നടത്തിയോ എന്നറിയാനാണ് ഈ പരിശോധന. മണ്ണുമാറ്റി യന്ത്രം ഉപയോഗിച്ച് പുരയിടത്തിൽ കുഴികളെടുത്താണ് പരിശോധന നടത്തുക. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താൻ പരിശീലനം കിട്ടിയ നായകളെക്കൂടി ഉപയോഗിച്ചാണ് പൊലീസിന്റെ പരിശോധന. പ്രതികളായ ഭഗവല്‍ സിംഗ്, ഷാഫി, ലൈല എന്നിവരെ അന്വേഷണ സംഘം കൊച്ചിയില്‍ നിന്ന് ഇലന്തൂരിലേക്ക് എത്തിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ