
ദില്ലി: ദില്ലി സർവകലാശാല പ്രൊഫസർ ജി എൻ സായിബാബയെ കുറ്റ വിമുക്തനാക്കിയ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സായിബാബയെ ബോബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയത്. ഇതിനെതിരെ മഹാരാഷ്ട്രാ സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ സ്റ്റേ. വിധിയില്‍ വിശദ പരിശോധന വേണമെന്ന് സുപ്രീംകോടതി പറഞ്ഞു. കേസിലെ എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയച്ച സുപ്രീംകോടതി, പ്രതികള്‍ക്ക് ജാമ്യാപേക്ഷ നല്‍കാമെന്നും നിര്‍ദ്ദേശിച്ചു. മഹാരാഷ്ട്ര സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 ലാണ് ദില്ലി സർവകലാശാല പ്രൊഫസറായ സായിബാബയെ അറസ്റ്റ് ചെയ്തത്. ദില്ലി സർവകലാശാലയ്ക്ക് കീഴിലെ രാം ലാൽ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു സായിബാബ. 2012 ല്‍ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ കോൺഫറൻസിൽ പങ്കെടുത്തെന്നും മാവോയിസ്റ്റ് അനുകൂല പ്രസംഗം നടത്തിയെന്നുമായിരുന്നു സായിബാബയ്ക്കെതിരായ കേസ്. ഗച്ച്റോളിയിലെ പ്രത്യേക കോടതി 2017 ൽ സായിബാബയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. സായിബാബയും മറ്റ് നാല് പേരെയുമാണ് ശിക്ഷിച്ചത്. പോളിയോ ബാധിതനായി ഇരുകാലുകളും തളർന്ന സായിബാബയെ വിട്ടയക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അർബുദ ബാധിതയായ അമ്മയെ കാണാനോ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോലും സായ് ബാബയ്ക്ക് ജാമ്യം ലഭിച്ചിരുന്നില്ല.
ഒടുവില്‍ ബോംബെ ഹൈക്കോടതിയാണ് ഇന്നദ്ദേഹത്തെ കുറ്റവിമുക്തമാക്കിയത്. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിയെ സമീപിച്ചുവെങ്കിലും സ്റ്റേ ചെയ്യാനാകില്ലെന്ന് നിലപാടെടുത്ത കോടതി വിശദമായ ഹർജി സമർപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
Also Read : മാവോയിസ്റ്റ് കേസില്‍ ജി എന്‍ സായിബാബ കുറ്റവിമുക്തന്‍, അറസ്റ്റ് ചെയ്തത് 8 വര്‍ഷം മുമ്പ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam