
പാലക്കാട് : പാലക്കാട് മുതലമട ചപ്പക്കാട് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. വനവിഭവം ശേഖരിക്കാൻ പോയ പ്രദേശവാസിയാണ് തലയോട്ടി ആദ്യം കണ്ടത്. കഴിഞ്ഞ ഓഗസ്റ്റിൽ കാണാതായ യുവാക്കളിൽ ആരുടേതെങ്കിലുമാണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഫൊറൻസിക് പരിശോധനക്കായി തലയോട്ടി തൃശൂരിലെ ലാബിലേക്ക് അയക്കും. ശനിയാഴ്ച്ച വൈകിട്ട് വനവിഭവം ശേഖരിക്കാൻ പോയ ചപ്പക്കാട്ട് സ്വദേശിയായ അയ്യപ്പനാണ് തലയോട്ടി ആദ്യം കണ്ടത്. ഇക്കാര്യം കാണാതായ യുവാക്കളുടെ കുടുംബമാണ് പൊലീസിനെ അറിയിച്ചത്. ചിറ്റൂർ ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിൽ കാട്ടിനുള്ളിൽ പരിശോധന നടത്തി. വനത്തിനകത്തെ തോട്ടിൽ നിന്നാണ് തലയോട്ടി കണ്ടെടുത്തത്.
കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിന് പ്രദേശത്തെ രണ്ട് യുവാക്കളെ കാണാതായിരുന്നു. ലക്ഷം വീട് കോളനിയിലെ സാമുവൽ, മുരുകേശൻ എന്നിവരെയാണ് കാണാതായത്. പൊലീസ് വിപുലമായ തിരച്ചിൽ ഇവിടെ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഈ വനത്തിലേക്ക് യുവാക്കൾ കടന്നിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. തലയോട്ടി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കൂടുതൽ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ബന്ധുക്കളുടെ ഡിഎൻഎ സാന്പിൾ എടുത്ത ശേഷം ഫൊറൻസിക് പരിശോധക്കായി തൃശൂരിലെ ലാബിലേക്കയക്കും. അധികം കാലപ്പഴക്കമില്ലാത്ത തലയോട്ടിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
മണ്ണെണ്ണ വിളക്കിൽ നിന്നും തീപിടിച്ചു, വയോധികന് ദാരുണാന്ത്യം
കൽപ്പറ്റ: മണ്ണെണ്ണ വിളക്കിൽ നിന്നും തീപിടിച്ച് വയോധികന് ദാരുണാന്ത്യം. കിടന്നുറങ്ങുന്നതിനിടെ സമീപത്ത് വെച്ച മണ്ണെണ്ണ വിളക്ക് മറിഞ്ഞ് വീണ് തീപിടർന്ന് വയനാട് പിലാക്കാവ് സ്വദേശി ജെസ്സി കൃഷ്ണനാണ് മരിച്ചത്. ഇയാൾ വീട്ടിൽ തനിച്ചാണ് താമസിച്ചു വന്നിരുന്നത്. ഇന്ന് രാവിലെ വാതിൽ തുറക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനോട് ചേർന്ന് മണ്ണെണ്ണ വിളക്ക് മറിഞ്ഞു കിടക്കുന്നുണ്ട്. ധരിച്ച വസ്ത്രവും, കമ്പിളിയും ഭാഗികമായി കത്തി നശിച്ചു. മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.