
ഇടുക്കി: ഒരിടവേളയ്ക്ക് ശേഷം കേരള-തമിഴ്‌നാട് വനാതിർത്തിയിൽ നായാട്ട് സംഘങ്ങൾ സജീവമാകുന്നു. തമിഴ്നാട് അതിർത്തിയിലെ എസ്റ്റേറ്റ് കേന്ദ്രീകരിച്ചാണ് നായാട്ട് സംഘങ്ങളുടെ പ്രവർത്തനം. ഇവിടെ കേരള-തമിഴ്നാട് വനംവകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ കാട്ടുപോത്തിനെ വേട്ടയാടുന്നതിനുള്ള 12 കെണികൾ കണ്ടെടുത്തു.
മൂന്നാർ ടോപ്സ്റ്റേഷനിൽ കഴുത്തിൽ കയർ കെണി കുടുങ്ങി വീണു കിടന്ന കാട്ടുപോത്തിനെ വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നായാട്ട് സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലെയും വനംവകുപ്പ് നടത്തുന്ന പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ കേരള-തമിഴ്നാട് അതിർത്തിയിലെ എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ചാണ് നായാട്ട് സംഘങ്ങളുടെ പ്രവർത്തിക്കുന്നത്.
ഉണക്ക ഇറച്ചിക്ക് നല്ല വില ലഭിക്കുന്നതിനാൽ കാട്ടുപോത്തിനെയാണ് പ്രധാനമായും വേട്ടയാടുന്നത്. ഇത്തരത്തിൽ വേട്ടയാടാൻ വച്ച പ്ലാസ്റ്റിക് കയറുകൊണ്ടുള്ള കെണിയിൽ കുടുങ്ങിയ കാട്ടുപോത്തിന്‍റെ കുഞ്ഞിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പാന്പാടുംചോല ഭാഗത്ത് നിന്ന് കൂടുതൽ കെണികൾ കണ്ടെത്തിയത്.
ലോക്ഡൗണിൽ അതിർത്തികളിൽ വനംവകുപ്പ് പരിശോധന കൂട്ടിയതിനെ തുടർന്ന് ഉൾക്കാടുകളിലെ ശ്രദ്ധകുറഞ്ഞതാണ് നായാട്ടിന് ഇറങ്ങുന്നവര്‍ മുതലെടുക്കുന്നത്. കാട്ടുപോത്തിന്‍റെ കഴുത്തിൽ കെണി കുടുങ്ങിയതിൽ തമിഴ്നാട് വനംവകുപ്പ് കേസ് എടുത്തു. തമിഴ്നാട് തേനി ജില്ലയിലെ ടോപ്‌സ്റ്റേഷൻ മേഖലയിലാണ് നായാട്ടു സംഘങ്ങളുള്ളത്. ഇതിന്‍റെ ഒരു ഭാഗം കേരളത്തിലുമുള്ളതിനാൽ നായാട്ടുസംഘങ്ങളെ പിടികൂടാൻ സംസ്ഥാന വനംവകുപ്പും അന്വേഷണം ഊർജിതമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam