ജീവനെടുത്തത് പക, മകന്റെ ആത്മഹത്യക്ക് കാരണക്കാരനാണെന്ന സംശയം; കോടതി വെറുതെ വിട്ടത് പക കൂട്ടി

By Web TeamFirst Published Oct 1, 2022, 3:26 PM IST
Highlights

സഹോദരൻ മരിച്ചതിന് പിന്നാലെ ശശിധരൻ നായരുടെ മകളും ജീവനൊടുക്കി. ഇതോടെയാണ് ഇദ്ദേഹം പ്രഭാകരക്കുറുപ്പിനെതിരെ തിരിഞ്ഞത്. മക്കളുടെ മരണത്തിന് കാരണം പ്രഭാകരക്കുറുപ്പാണെന്ന തോന്നൽ മനസ്സിൽ പക കൂട്ടി. 

തിരുവനന്തപുരം: കിളിമാനൂർ മടവൂർ കൊച്ചാലുംമൂടിൽ ദമ്പതിമാരെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ പ്രതിയെ പ്രേരിപ്പിച്ചത് കാലങ്ങളായി മനസ്സിൽ സൂക്ഷിച്ച പക. പ്രതിയായ ശശിധരൻ നായരുടെ മകനെ 29 വർഷം മുമ്പ് വിദേശത്തേക്ക് ജോലിക്കായി കൊണ്ടുപോയത് പ്രഭാകരക്കുറുപ്പായിരുന്നു. എന്നാൽ ഉദ്ദേശിച്ച ജോലി ശരിയാകാതെ വന്നതോടെ, ശശിധരന്റെ മകൻ ആത്മഹത്യ ചെയ്തു. ഈ മൃതദേഹം അന്ന് നാട്ടിലെത്തിക്കാൻ ഇടപെട്ടത് പ്രഭാകരക്കുറുപ്പായിരുന്നു. സഹോദരൻ മരിച്ചതിന് പിന്നാലെ ശശിധരൻ നായരുടെ മകളും ജീവനൊടുക്കി. ഇതോടെയാണ് ഇദ്ദേഹം പ്രഭാകരക്കുറുപ്പിനെതിരെ തിരിഞ്ഞത്. മക്കളുടെ മരണത്തിന് കാരണം പ്രഭാകരക്കുറുപ്പാണെന്ന തോന്നൽ മനസ്സിൽ പക കൂട്ടി. അയൽവാസിയായിരുന്ന ശശിധരൻ നായരുമായി തർക്കം പതിവായതോടെ പ്രഭാകരക്കുറുപ്പും കുടുംബവും മടവൂരിലേക്ക് താമസം മാറ്റുകയായിരുന്നു. 

കിളിമാനൂരിൽ ദമ്പതിമാരെ മുൻ സൈനികൻ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു, കൊലയ്ക്ക് കാരണം മുൻവൈരാഗ്യം

മകന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ശശിധരൻ നായർ പ്രഭാകരക്കുറുപ്പിനെതിരെ കേസ് നൽകിയിരുന്നു. ഈ കേസിൽ ഇന്നലെ കോടതി പ്രഭാകരക്കുറുപ്പിനെ കുറ്റവിമുക്തനാക്കി. ഇതോടെയാണ് ശശിധരൻ നായർ കയ്യിലെ കന്നാസിൽ പെട്രോളുമായി പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തിയത്. കയ്യിൽ ചുറ്റികയും കരുതിയിരുന്നു. ഈ ചുറ്റിക കൊണ്ട് പ്രഭാകരക്കുറുപ്പിനെയും ഭാര്യ വിമല കുമാരിയേയും ആക്രമിച്ച ശേഷമാണ് പെട്രോളൊഴിച്ച് കത്തിച്ചത്. ഇതിനിടെ, ശശിധരൻ നായർക്കും പൊള്ളലേറ്റു. നിലവിളി ശബ്ദവും പിന്നാലെ പുക ഉയരുന്നതും കണ്ട് ഓടിയെത്തിയ നാട്ടുകാർ കാണുന്നത് ഗുരുതരമായി പൊള്ളലേറ്റ ഭാര്യയേയും ഭർത്താവിനേയുമാണ്. ശശിധരൻ നായർ സമീപത്ത് ഇരിപ്പുണ്ടായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന സഞ്ചിയിൽ ആധാർ കാർഡ് ഉൾപ്പെടെ ഉണ്ടായിരുന്നു. സഞ്ചിയിലും ചോരക്കറയുണ്ട്. സമീപത്ത് നിന്ന് ചോര പുരണ്ട നിലയിൽ ചുറ്റികയും ലഭിച്ചു. 

പ്രഭാകരക്കുറുപ്പിനേയും വിമല കുമാരിയേയും ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ പ്രഭാകരക്കുറുപ്പ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിമല കുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ശശിധരൻ നായരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 
 

click me!