
തിരുവനന്തപുരം: നാവായിക്കുളത്ത് ഭാര്യയെ മർദ്ദിച്ച് അവശയാക്കി തീ കൊളുത്തി കടന്നുകളഞ്ഞ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം വെള്ളൂർക്കോണം സ്വദേശി ബിനുവിനെയാണ് കല്ലമ്പലം പൊലീസ് കൊല്ലത്തുള്ള ബന്ധു വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്. പ്രതിയുടെ ആക്രമണത്തിൽ കൈയ്ക്കും കാലിനും പൊട്ടൽ സംഭവിക്കുകയും പൊള്ളലേൽക്കുകയും ചെയ്ത ഭാര്യ മുനീശ്വരി അപകടനില തരണം ചെയ്തു. വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ഗവ.മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.
ഇക്കഴിഞ്ഞ 13ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.ചുറ്റിക കൊണ്ടും കാറ്റാടിക്കഴ കൊണ്ടും ബിനു മുനീശ്വതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൂട്ടി വാതിലിനടിയിലൂടെ ഇന്ധനം ഒഴിച്ച് കത്തിച്ചശേഷം ബിനു ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വാതിൽ ചവിട്ടിത്തുറന്ന്, തീയണച്ച് മുനീശ്വരിയെ ആശുപത്രിയിലെത്തിച്ചത്.കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. സമാന അനുഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിന് ശേഷം പൊലീസും ഫോറൻസിക് വിദഗ്ദ്ധരും വീട്ടിൽ പരിശോധന നടത്തിയതിൽ നിന്ന് മണ്ണെണ്ണയുടെയും പെട്രോളിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam