
കണ്ണൂർ: ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും വിധിച്ച് കോടതി. കണ്ണൂർ പെരിങ്ങോം സ്വദേശി റോസമ്മയെ ആണ് തളിപ്പറമ്പ് കോടതി ശിക്ഷിച്ചത്. 2013 ജൂലായ് ആറിനാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം പുലർച്ചെയാണ് ഭർത്താവ് ചാക്കോച്ചനെ ഭാര്യയായ റോസമ്മ തലക്കടിച്ച് കൊലചെയ്തത്. പെരിങ്ങോം വയക്കര മൂളിപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞിമോനെ (60)യാണ് ഇരുമ്പുപൈപ്പ് കൊണ്ട് തലക്കടിച്ചുകൊന്നത്. കേസിൽ ഭാര്യ റോസമ്മ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷ്ണൽ സെഷൻസ് ജഡ്‌ജ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
2013 ജൂലായ് ആറിന് പുലർച്ചെയാണ് വീടിന ടുത്ത റോഡരികിൽ ചാക്കോച്ചൻ്റെ മൃതദേഹം കണ്ടത്. തലേന്ന് രാത്രി വീട്ടിലുണ്ടായ വഴക്കിനിടെ റോസമ്മയും മകനും ചേർന്ന് കുഞ്ഞുമോനെ അടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കേസ്. ചാക്കോച്ചന്റെ വസ്തു തൻ്റെ പേരിൽ എഴുതി നൽകണമെന്ന് റോസമ്മ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. സംഭവസമയം മകന് പ്രായപൂർത്തിയാകാത്തതിനാൽ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. കൊലക്ക് ശേഷം വീട്ടിൽ നിന്ന് 30 മീറ്ററോളം വലിച്ചും തള്ളിനീക്കിയുമാണ് റോസമ്മ മൃതദേഹം റോഡിൽ കൊണ്ടിട്ടത്. പയ്യന്നൂരിലെ മെഡിക്കൽ സ്റ്റാറിൽ സെയിൽസ്മാനായി രുന്നു ചാക്കോച്ചൻ. തളിപ്പറമ്പിൽ അഡീ. സെഷൻസ് കോടതി പ്രവർത്തനമാരംഭിച്ചതിന് ശേഷം വിധി പറയുന്ന ആദ്യത്തെ കൊലക്കേസ് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. രണ്ടാമത്തെ കേസായാണ് ചാക്കോച്ചൻ വധം പരിഗണിച്ചത്.
30 പേജ് വിധി വായിച്ച ശേഷം പ്രതിക്കൂട്ടിലുള്ള റോസമ്മയെ വനിതാപൊലീസിൻ്റെ സഹായത്തോടെ അടുത്തേക്ക് വിളിപ്പിച്ചു. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയെന്നും ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്നും ജഡ്‌ജി ചോദിച്ചപ്പോൾ നിത്യരോഗിയാണെന്നും മരുന്ന് കഴിക്കുകയാണെന്നും തെറ്റ് ചെയ്തിട്ടില്ലായെന്നും റോസമ്മ പറഞ്ഞു. വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നും ഇവർ പറഞ്ഞപ്പോൾ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനാൽ അതിന് സാധിക്കില്ലെന്ന് പറഞ്ഞ ജഡ്‌ജി ജാമ്യം റദ്ദ് ചെയ്‌ത് റോസമ്മയെ റിമാന്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ശാരീരിക അവശതയും പ്രായാധിക്യവും വസ്‌തുതയാണെങ്കിലും ഇവർ നടത്തിയത് ക്രൂരമായ കൊലയാണെന്ന് കോടതി കണ്ടെത്തി. വയസ് കാലത്ത് പരസ്‌പരം താങ്ങായി നിൽക്കേണ്ട ഭർത്താവിനെ ഏഴ് തവണ ഇരുമ്പുപൈപ്പ് കൊണ്ട് തലയോട്ടി അടിച്ച് തകർത്തതിനാൽ തലച്ചോറ് പുറത്തുവന്ന നിലയിലായിരുന്നു. കൃത്യത്തിന് ശേഷം മൃതദേഹം റോഡിലേക്ക് വലിച്ചു കൊണ്ടുപോവുകയും ആയുധം ഒളിപ്പിച്ചുവെച്ചതും കണ്ടെത്തിയ കോടതി ദയ അർഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. വാദി ഭാഗത്തിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. യു.രമേശൻ ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam