
പാലക്കാട്: ജി സുധാകരനോട് നൂറു ശതമാനം യോജിക്കുന്നെന്നും ഇപി ജയരാജന് പ്രസ്താവന ഇറക്കാനുള്ള ധാർമികത ഇല്ലെന്നും എംഎം ഹസൻ. ജി സുധാകരന്റെത് സഹകരണം കൈകാര്യം ചെയ്ത മാർക്സിസ്റ്റ് നേതാവിന്റെ സാക്ഷ്യപത്രമാണെന്നും എംഎം ഹസൻ പറഞ്ഞു. നേരത്തെ കരുവന്നൂരിൽ പാർട്ടി അന്വേഷണത്തിൽ പിഴവുണ്ടായെന്നും കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും ജി സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണമായിരുന്നു എംഎം ഹസന്റെത്.
എന്നാൽ ഇപി ജയരാജന് വിഷയത്തിൽ പ്രസ്താവന ഇറക്കാനുള്ള ധാർമ്മികത ഇല്ലെന്ന് എംഎം ഹസൻ പ്രതികരിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാർ തൃശ്ശൂരിലെത്തിയത് ജയരാജന്റെ അറിവോടെയാണെ് എംഎം ഹസൻ പറഞ്ഞു. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയാനുള്ള തെളിവുകൾ തന്റെ കൈയിൽ ഇല്ലെന്നായിരുന്നു ഇപി ജയരാജന്റെ പ്രസ്താവന. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും മുഖ്യമന്ത്രിയുടെയും പ്രതികരണങ്ങൾക്ക് കടകവിരുദ്ധമായിരുന്നു ഇപി ജയരാജന്റെ ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കിലെ ഈ പ്രസ്താവന.
Read More: കരുവന്നൂരിൽ പിഴവുണ്ടായി, ഇഡിയെ തടയാനാകില്ല; സിപിഎമ്മിനെ വെട്ടിലാക്കി ജി സുധാകരൻ
അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിനെതിരെ പരാതിയുമായി ഒരു വീട്ടമ്മ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. സതീഷ് കുമാര്‍ വായ്പാ തുകയില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി തൃശ്ശൂര്‍ സ്വദേശിയായ സിന്ധുവാണ് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഇന്ന് ഉച്ചയോടെ എത്തിയത്. തൃശ്ശൂര്‍ ജില്ല ബാങ്കിലെ 18 ലക്ഷം രൂപ വായ്പയുടെ ടേക്ക് ഓവറിന് സതീഷ് കുമാറിനെ സമീപിച്ചിരുന്നതായി ഇവര്‍ പറഞ്ഞു. തട്ടിപ്പിനിരയായതോടെ കടബാധ്യത 73 ലക്ഷം രൂപയായി വര്‍ധിച്ചുവെന്നുമാണ് സിന്ധുവിന്‍റെ പരാതി. സിന്ധുവിന്‍റെ പരാതി ഉള്‍പ്പെടെ കേസില്‍ തെളിവായി ഇഡി ശേഖരിച്ചിട്ടുണ്ട്. പണം തട്ടിയതുമായി ബന്ധപ്പെട്ട് നേരത്തെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ സിന്ധു പരാതി നല്‍കിയിരുന്നു. ഇതില്‍ സതീഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.