
വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എതിർ സ്ഥാനാർത്ഥിയായാലും ഇടതുപക്ഷ രാഷ്ടീയം പറഞ്ഞ് വോട്ട് തേടുമെന്ന് ആനി രാജ. ജനപ്രതിനിധി എന്നാല്‍ പൂര്‍ണമായും ജനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കേണ്ടയാളാണ്. രാഷ്ട്രീയ ബാലപാഠം പഠിച്ചത് വയനാട്ടില്‍ നിന്നാണെന്നും ആനി രാജ പറഞ്ഞു.
വന്യജീവി പ്രശ്നങ്ങളുടെ ഇരയാണ് താനെന്നും ആനി രാജ പറഞ്ഞു. അൻപതോളം തെങ്ങുകളുള്ള പറമ്പാണ്. മലയണ്ണാനും കുരങ്ങുമെല്ലാം കാരണം വീട്ടിലെ ആവശ്യത്തിനുള്ള തേങ്ങ പോലും കിട്ടുന്നില്ല. നേരത്തെ ആന വന്നും തെങ്ങ് നശിപ്പിക്കുമായിരുന്നു. ഫെൻസിട്ടതോടെ ഇപ്പോള്‍ ആന വരുന്നില്ല. വന്യജീവി പ്രശ്നങ്ങള്‍ ഗവേഷണം നടത്തി പഠിക്കേണ്ട കാര്യം തനിക്കില്ലെന്നും നേരിട്ടറിയാമെന്നും വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ആനി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിജയ സാധ്യത കുറഞ്ഞ വയനാട്ടിൽ ദേശീയ നേതാവായ ആനി രാജയെ സിപിഐ ഇറക്കിയതോടെ, കോൺഗ്രസ് പ്രതിരോധത്തിൽ ആയിരിക്കുകയാണ്. രാഹുൽ ഗാന്ധി ഇവിടെ സ്ഥാനാർത്ഥിയായാൽ, ഇടത് പക്ഷത്തിന്റെ വിമർശനത്തിനും ബിജെപിയുടെ പരിഹാസത്തിനും കോൺഗ്രസ് മറുപടി പറയേണ്ടി വരും.
വയനാട് മണ്ഡലത്തിൽ ഇത് നാലാമത്തെ തെരഞ്ഞെടുപ്പാണ്. മൂന്ന് അങ്കത്തിലും കോൺഗ്രസ് പാട്ടും പാടി ജയിച്ച മണ്ഡലമാണിത്. രണ്ട് തവണ എം ഐ ഷാനവാസിനെ ലോക്‌സഭയിലേക്ക് അയച്ചു. 2019 ലെ തെരഞ്ഞെടുപ്പിൽ അമേഠിയിൽ തിരിച്ചടിയുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് രാഹുൽ ഗാന്ധിയാണ് മൂന്നാം അങ്കത്തിൽ ഇവിടെ മത്സരിച്ചത്. ഇതോടെ വയനാട് വിഐപി മണ്ഡലമായി.
മൂന്ന് തവണയും സിപിഐ ആയിരുന്നു യുഡിഎഫിന്റെ എതിരാളി. ആദ്യ തെരഞ്ഞെടുപ്പിൽ എം റഹ്മത്തുള്ള 1,53,439 വോട്ടിനാണ് എംഐ ഷാനവാസിനോട് തോറ്റത്. എന്നാൽ രണ്ടാമത് മത്സരിച്ച സത്യൻ മൊകേരി ഈ ഭൂരിപക്ഷം 20,870 ലേക്ക് കുറച്ചു. രാഹുൽ ഗാന്ധി വന്നപ്പോൾ മണ്ഡലത്തിൽ പോരിനിറങ്ങിയത് പി പി സുനീറാണ്. എന്നാൽ 4,31,770 എന്ന മൃഗീയ ഭൂരിപക്ഷത്തിന് രാഹുൽ ഗാന്ധി ജയിച്ചു. ഈ പോർക്കളത്തിലേക്കാണ് സിപിഐ ദേശീയ നേതാവായ ആനി രാജ വരുന്നത്.
കോൺഗ്രസ് സ്ഥാനാർത്ഥിയെ തീരുമാനിക്കും മുമ്പ് സിപിഐ ആനി രാജയെ ഇറക്കിയതോടെ, രാഷ്ട്രീയമായി കോൺഗ്രസ് പ്രതിരോധത്തിലായി. സുരക്ഷിത മണ്ഡലത്തിൽ രാഹുല്‍ തന്നെ മത്സരിച്ചാൽ ഇന്ത്യ മുന്നണി എവിടെയെന്ന ചോദ്യം ഉയരും. രാഹുൽ ഗാന്ധിക്ക് ബിജെപിയെ എതിരിടാൻ പേടിയാണോ എന്ന പരിഹാസമുണ്ടാകും. എല്ലാത്തിനും രാഹുൽ ഗാന്ധിയും കോൺഗ്രസും മറുപടി പറയേണ്ടിവരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam