
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി സാമൂഹ്യ സുരക്ഷാ മിഷൻ നടത്തിയ ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ ക്രമക്കേടും ഗുരുതര വീഴ്ചയുമെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ കണ്ടെത്തലിന് പിന്നാലെ പ്രതികരണവുമായി മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ. കൊവിഡ് മഹാമാരി സമയത്ത് ഒരു പൊതുജനാരോഗ്യ പ്രവർത്തകൻ എന്ന രീതിയിൽ ആ സാഹചര്യം ആവശ്യപ്പെട്ട എല്ലാ നടപടികളും ആത്മാർത്ഥതയോടെ സ്വന്തം നഷ്ടങ്ങൾ ഒന്നും വകവെക്കാതെ ചെയ്യാനും ആ ചരിത്ര നിയോഗത്തിൽ പങ്കാളിയാവാനും സാധിച്ചു എന്നതിൽ അഭിമാനമുണ്ടെന്ന് മുഹമ്മദ് അഷീൽ വ്യക്തമാക്കി. ഇപ്പോഴത്തെ ജോലിയുടെ സ്വഭാവമനുസരിച്ച് കൂടുതൽ പ്രതികരണം നടത്താൻ നിർവാഹമില്ലെന്നും അഷീൽ പറഞ്ഞു.
"കൊവിഡ് മഹാമാരി കാലത്ത് സാമൂഹ്യ സുരക്ഷാ മിഷൻ മുൻകൈയെടുത്തു നടപ്പിലാക്കിയ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ സംബന്ധിച്ച് അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന എനിക്കെതിരെ വാർത്തകൾ വരുന്ന സാഹചര്യത്തിൽ അതിനോട് പ്രതികരിക്കാൻ വേണ്ടി എന്റെ സുഹൃത്തുക്കൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ എന്റെ ഇപ്പോഴത്തെ ജോലിയുടെ സ്വഭാവമനുസരിച്ച് അതിൽ പ്രതികരണം നടത്താൻ നിർവാഹമില്ലാത്ത ഒരവസ്ഥയാണ്. എന്നോട് പ്ലീസ് പൊറുക്കുക.
എന്നിരുന്നാലും ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു. കൊവിഡ് മഹാമാരി സമയത്ത് ഒരു പൊതുജനാരോഗ്യ പ്രവർത്തകൻ എന്ന രീതിയിൽ ആ സാഹചര്യം ആവശ്യപ്പെട്ട എല്ലാ നടപടികളും പൂർണ്ണമായി ആത്മാർത്ഥതയോടെ സ്വന്തം നഷ്ടങ്ങൾ ഒന്നും വകവെക്കാതെ ഉത്തരവാദിത്വത്തോടെ പൂർണ്ണമായും നിയമവിധേയമായി ചെയ്യാനും ആ ചരിത്ര നിയോഗത്തിൽ പങ്കാളിയാവാൻ സാധിച്ചു എന്നതിലും പൂർണ്ണമായിട്ടും അഭിമാനിക്കുന്ന ഒരു വ്യക്തിയാണ് എന്നെ പോലെ തന്നെ എന്റെ ടീമിലെ എല്ലാവരും. അന്വേഷണങ്ങൾ നടക്കട്ടെ. അത് പൂർണ്ണമായും സ്വാഗതം ചെയ്യുന്നു. കൂടുതലൊന്നും പറയുന്നില്ല. ചരിത്രം ദയ കാണിക്കുമെന്നുറപ്പ്"
ഡോ മുഹമ്മദ് അഷീലിനെതിരെ വകുപ്പു തല അച്ചടക്ക നടപടിക്കാണ് ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിൽ നിര്‍ദ്ദേശമുള്ളത്. അധികാര പരിധിക്ക് പുറത്തുള്ളത്, അനാവശ്യം എന്നെല്ലാം ബ്രേക്ക് ദ ചെയിനെക്കുറിച്ചുള്ള എജിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ധനകാര്യ പരിശോധന വിഭാഗത്തെ ചുമതലപ്പെടുത്തിയത്. 2022 ൽ തീരുമാനമെടുത്തത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി കൂടി പങ്കെടുത്ത ഗവേണിങ് സമിതി യോഗമാണ്. 4.89 കോടി ബ്രേക്ക് ദ ചെയിന് ചെലവാക്കിയെന്നാണ് കണക്ക്. ഏഴു വട്ടം മിഷൻ ആസ്ഥാനം പരിശോധിച്ചെങ്കിലും എല്ലാ ബില്ലും വൗച്ചറും കിട്ടിയില്ലെന്ന് പരിശോധന വിഭാഗം പറയുന്നു. വ്യാപകമായി ഉപയോഗിച്ച കൈ കൊണ്ടെഴുതിയ ബില്ലുകളിലെ ആധികാരികതയിൽ സംശയമുണ്ട്, അലയര്‍ലെന്‍ഡിലെ ആശുപത്രിയിൽ നിന്ന് 3500 യൂറോയുടെ ഉപകരണങ്ങള്‍ അയച്ചു കിട്ടിയെങ്കിലും സ്റ്റോക്കിലുണ്ടെന്നതിന് തെളിവില്ല, 30 ലക്ഷം രൂപയ്ക്ക് കിയോസ്കുകള്‍ സജ്ജമാക്കിയത് സര്‍ക്കാര്‍ അനുമതിയും ടെണ്ടറുമില്ലാതെയാണ് എന്നെല്ലാമാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ.
19.64 ലക്ഷം രൂപ ചെലവിൽ വീഡിയോ കോണ്‍ഫറന്‍സ് റൂമുണ്ടാക്കിയതിലും ക്രമക്കേടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് കാലത്ത് ജീവൻ രക്ഷിക്കുന്നതിനായിരുന്നു മുൻഗണന എന്നാണ് ഡോ.അഷീലിന്‍റെ മറുപടി. എന്നാൽ ഇത് തള്ളിയാണ് ധനകാര്യ പരിശോധന വിഭാഗം നടപടി നിര്‍ദ്ദേശവുമായി സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകിയത്. ഇത് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ എട്ടിന് ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അഷീൽ കത്ത് നൽകി. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അഷീലിനെ പിന്തുണച്ച് രംഗത്തെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam