
കണ്ണൂർ: കെ കെ രാഗേഷിനെതിരെ വരുന്നത് വ്യാജ വാർത്തകളെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തത് ഐകകണ്ഠേനയാണ്. കെ കെ രാഗേഷിനെ സെക്രട്ടറിയാക്കിയതിന് എതിരെ നേതൃത്വത്തിന് ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ പരാതി നൽകിയെന്ന റിപ്പോർട്ട് ശരിയല്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ മാധ്യമങ്ങള്‍ തുടര്‍ച്ചയായി നിര്‍മ്മിത കഥകള്‍ ചമയ്ക്കുകയാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറയുന്നത്.
ജില്ലാ സെക്രട്ടറിയെ 'നിയമിച്ചതിനെതിരെ' ദേശീയ നേതൃത്വത്തിന് ജില്ലയിലെ ചില നേതാക്കള്‍ പരാതി നല്‍കി എന്നാണ് പുതിയ വ്യാജ നിര്‍മിതി. ആരാണ് പരാതി അയച്ചത്, ആര്‍ക്കാണയച്ചത് എന്നൊന്നും അതില്‍ വെളിപ്പെടുത്തിയിട്ടില്ല. ഏതോ കേന്ദ്രത്തില്‍ നിന്നും ബോധപൂര്‍വ്വം ഇത്തരം വാര്‍ത്തകള്‍ ഉത്പാദിപ്പിക്കുകയാണ്. സിപിഎമ്മില്‍ ജില്ലാ സെക്രട്ടറിയെ നിയമിക്കലല്ല, ജനാധിപത്യപരമായി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. കണ്ണൂരില്‍ ഏകകണ്ഠമായാണ് ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്ത്. എന്നിട്ടും സിപിഎം സംഘടനാ രീതിയെ അപഹസിക്കുന്ന നിലയില്‍ വാര്‍ത്തകളുണ്ടാക്കുന്നത് ബോധപൂര്‍വമാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമായി കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കി എന്ന പരാതി, ജില്ലയിലെ ഒരു പക്ഷം ജനറൽ സെക്രട്ടറി എം എ ബേബിക്ക് നൽകി എന്നായിരുന്നു റിപ്പോർട്ട്. കണ്ണൂർ ജില്ലാ കമ്മറ്റിയിൽ അംഗമല്ലാതിരുന്ന രാഗേഷിനെ സെക്രട്ടറിയാക്കിയത് ചട്ട വിരുദ്ധമെന്നാണ് പരാതി. മുതിർന്ന സംസ്ഥാന കമ്മറ്റി അംഗം എന്ന നിലയ്ക്കാണ് രാഗേഷിനെ നിയമിച്ചത് എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് രാഗേഷിനെതിരെ ജില്ലയിലെ ഒരു വിഭാഗം തിരിഞ്ഞത്. രാഗേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന പോസ്റ്റിനു താഴെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ധനരാജിനെ അനുസ്മരിച്ച് പങ്കുവെച്ച കുറിപ്പിന് താഴെയുള്‍പ്പെടെ അമര്‍ഷം പ്രകടമായി. എന്നാൽ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന വ്യാജേന ഉണ്ടാക്കിയ പ്രൊഫൈലുകളിലൂടെയും അല്ലാതെയും പാര്‍ട്ടി ശത്രുക്കള്‍ നടത്തിയ സൈബര്‍ ബുള്ളിയിങ്ങിനെയാണ് 'ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍' എന്ന നിലയില്‍ അവതരിപ്പിക്കുന്നത് എന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവനയിൽ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam