
കോഴിക്കോട്: തന്നെ ആക്രമിച്ചതിൽ തലശേരിയിലെ ജനപ്രതിനിധിക്ക് പങ്കുണ്ടെന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സിഒടി നസീർ. പി.ജയരാജന് ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്നില്ല. ഗൂഡാലോചനയിൽ ഉന്നതരുടെ പങ്ക് വ്യക്തമാക്കാൻ അന്വേഷണം നടത്തണം. രണ്ട് സിപിഎം ലോക്കൽ കമ്മറ്റി അംഗങ്ങളും ഗൂഡാലോചനയിൽ പങ്കെടുത്തിട്ടുണ്ടെന്നും നസീർ പറഞ്ഞു.
അതേസമയം സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ വച്ചാണ് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.
ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വടകരയിലെ സിപിഎം സ്ഥാനാർത്ഥിയായിരുന്ന പി ജയരാജനും കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തിയിരുന്നു. തലശ്ശേരി നഗരസഭ കൗൺസിലറും സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ആയിരുന്ന സിഒടി നസീർ, സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടിക്കെതിരായി കല്ലെറിഞ്ഞ കേസിൽ പ്രതിയായിരുന്നു.
എന്നാൽ, സഹായിച്ചില്ലെന്ന് ആരോപിച്ച് 2015ൽ നസീർ പാർട്ടിയുമായി അകന്നു. പി ജയരാജനെതിരേ മത്സര രംഗത്ത് വന്നതിന് ശേഷമാണ് നസീർ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ഷംസീറിനെതിരെ തലശ്ശേരിയിൽ മത്സരിക്കാൻ ഒരുങ്ങിയ നസീർ അവസാന നിമിഷം പിന്മാറിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam