
പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി എടുത്തു. തന്നെ ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായിരുന്നുവെന്നാണ് ഭാര്യയുടെ മൊഴി. സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിപ്പോയത്. ഞാനിപ്പോൾ എവിടെയാണ് താമസിക്കുന്നതെന്ന് പോലും ചെന്താമരക്ക് അറിയില്ല. ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ല. അയൽവാസികളോട് മോശമായാണ് ചെന്താമര പെരുമാറിയതെന്നും ഭാര്യ മൊഴി നൽകി. ആലത്തൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്.
കഴിഞ്ഞ ജനുവരി 27നാണ് പോത്തുണ്ടിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുമ്പോൾ സമീപത്തെ പറമ്പിൽ ആടുമേയ്ക്കുകയായിരുന്നു സാക്ഷി. ലക്ഷ്മിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സാക്ഷി കൊലപാതകം കണ്ട് ഞെട്ടി വീട്ടിലേക്ക് ഓടി പോയി. രണ്ടു ദിവസം പേടിച്ച് പനി പിടിച്ചു കിടന്നു. പിന്നീട് ജോലി സ്ഥലമായ നെല്ലിയാമ്പതിയിലേക്ക് പോയി. പിന്നെ ഇയാളെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. സംഭവത്തിന് ശേഷം സ്ഥലത്തില്ലാത്തവരുടെ പട്ടിക തയ്യാറാക്കിയപ്പോഴാണ് പൊലീസിന് ദൃക്സസാക്ഷിയെ കുറിച്ച് വിവരം ലഭിക്കുന്നത്.
കേസിൽ ദൃക്സാക്ഷിയില്ലെന്നും, തന്നെ അറസ്റ്റ് ചെയ്തത് സംശയത്തിന്റെയും കേട്ടുകേൾവിയുടേയും മാത്രം അടിസ്ഥാനത്തിലാണെന്നുമായിരുന്നു കോടതിക്ക് മുന്നിൽ ജാമ്യാപേക്ഷയുമായി എത്തിയപ്പോൾ പ്രതിയുടെ പ്രധാന വാദം. ഈ വാദം പൊളിക്കാൻ പൊലീസിന് കിട്ടിയ വലിയ പിടിവള്ളിയായിരുന്നു കൊലപാതകം നേരിൽ കണ്ടതായി പറയുന്ന ഏക സാക്ഷി . ദൃക്സാക്ഷിയുടെ മൊഴി കേസിൽ നിർണായകമായിരിക്കെ പലവട്ടം പൊലീസ് ശ്രമിച്ചിട്ടും മൊഴി രേഖപ്പെടുത്താൻ ഇയാൾ തയ്യാറായിട്ടില്ല. ജാമ്യത്തിൽ ഇറങ്ങിയാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. ഇയാൾ വീണ്ടും പുറത്തിറങ്ങി തന്നെയും കൊന്നു കളയുമെന്ന പേടിയിലാണ് ദൃക്സാക്ഷി. ഇയാളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പൊലീസ് പരമാവധി ശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇയാൾ മൊഴി നല്കാൻ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam