K Rail : 'എനിക്ക് തെറ്റ് പറ്റിയതാകാം, മനുഷ്യന് തെറ്റ് പറ്റാമല്ലോ', ബഫർ സോണിൽ തിരുത്തുമായി മന്ത്രി സജി ചെറിയാൻ

Published : Mar 23, 2022, 01:40 PM ISTUpdated : Mar 23, 2022, 01:59 PM IST
K Rail : 'എനിക്ക് തെറ്റ് പറ്റിയതാകാം, മനുഷ്യന് തെറ്റ് പറ്റാമല്ലോ', ബഫർ സോണിൽ തിരുത്തുമായി മന്ത്രി സജി ചെറിയാൻ

Synopsis

ഒരു മീറ്റർ പോലും ബഫർ സോണില്ലെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടത്. മന്ത്രിയെ തിരുത്തി പത്ത് മീറ്ററാണ് ബഫർസോൺ എന്നായിരുന്നു കെ റെയിൽ എംഡി വിശദീകരണം. ബഫർ സോൺ ഉണ്ടാകുമെന്ന് കോടിയേരി വ്യക്തമാക്കിയെങ്കിലും ഇനിയും ആശയക്കുഴപ്പം മാറിയിട്ടില്ല.   

തിരുവനന്തപുരം:  സിൽവർ ലൈൻ  (Silver line)  പാതക്ക് ഇരുവശവും ബഫർ സോണുണ്ടാകില്ലെന്ന  (Buffer zone) സ്വന്തം പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാൻ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ബഫർ സോണുണ്ടാകുമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ തിരുത്ത്. ബഫർ സോണിൽ പാർട്ടി സെക്രട്ടറി പറഞ്ഞതാണ് ശരി. തനിക്ക് തെറ്റ് പറ്റിയതാകാമെന്നും മനുഷ്യന് തെറ്റ് പറ്റാമല്ലോയെന്നുമാണ്  സജി ചെറിയാൻ പ്രതികരിച്ചത്. 

അതേ സമയം പ്രതിഷേധങ്ങൾ തുടരുമ്പോഴും സിൽവ‍ർ ലൈൻ ബഫർ സോൺ ആശയക്കുഴപ്പങ്ങൾ ഇപ്പോഴും തുടരുകയാണ്. ഒരു മീറ്റർ പോലും ബഫർ സോണില്ലെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടത്. മന്ത്രിയെ തിരുത്തി പത്ത് മീറ്ററാണ് ബഫർസോൺ എന്നായിരുന്നു കെ റെയിൽ എംഡി വിശദീകരണം. ബഫർ സോൺ ഉണ്ടാകുമെന്ന് കോടിയേരി വ്യക്തമാക്കിയെങ്കിലും ഇനിയും ആശയക്കുഴപ്പം മാറിയിട്ടില്ല. 


'മന്ത്രി പറഞ്ഞതല്ല എംഡി പറഞ്ഞത് ശരി', ബഫർ സോൺ ഉണ്ടാകുമെന്ന് കോടിയേരി

സിൽവർ ലൈൻ പാതക്ക് ഇരുവശവും ബഫർ സോൺ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബഫർ സോൺ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം തള്ളിയ കോടിയേരി, കെ റെയിൽ എംഡി വി അജിത് കുമാർ പറയുന്നതാണ് ശരിയെന്ന് സ്ഥിരീകരിച്ചു. എല്ലാ കാര്യങ്ങളും എല്ലാവരും പഠിച്ചിട്ടാകില്ല പ്രതികരിക്കുന്നതെന്നാണ് മന്ത്രിയുടെ വാദത്തെ തള്ളി കോടിയേരിയുടെ വിശദീകരണം. കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകും. ഹൈക്കോടതി പറഞ്ഞത് പ്രകാരമുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. സർവേക്കെതിരെ കോഴിക്കോട് കോൺഗ്രസും ബിജെപിയും ഒരുമിച്ച് സമരം ചെയ്യുകയാണെന്നും കോടിയേരി ആരോപിച്ചു. 

ബഫർ സോൺ എത്ര മീറ്റർ? കംപ്ലീറ്റ് ആശയക്കുഴപ്പം

കേന്ദ്ര പാതയിൽ നിന്നും 30 മീറ്റർ ചുറ്റളവിൽ നിർമ്മാണം വിലക്കണമെന്നാണ് സിൽവർ ലൈൻ ഡിപിആറിൻറെ ഭാഗമായുള്ള എക്സിക്യുട്ടീവ് സമ്മറിയിൽ സർക്കാറിനുള്ള നിർദ്ദേശം. സിൽവ‍ർ ലൈൻ പാതയുടെ ഇരുവശത്തും പത്ത് മീറ്റ‍ർ ബഫ‍ർ സോൺ ഉണ്ടാവുമെന്നാണ് കെറെയിൽ എംഡി വ്യക്തമാക്കിയിട്ടുള്ളത്. ഇതിൽ അഞ്ച് മീറ്ററിൽ യാതൊരു നിർമ്മാണവും അനുവദിക്കില്ല. ബാക്കി ഭാ​ഗത്ത് അനുമതിയോടെ നിർമ്മാണം നടത്താമെന്നുമാണ് എംഡിയുടെ വിശദീകരണം.

എന്നാൽ അതേ സമയം, വിവരാവകാശ നിയമപ്രകാരം കെ റെയിൽ നേരത്തെ കെ റെയിൽ വിരുദ്ധ സമരസമിതിക്ക് നൽകിയ മറുപടിയിൽ ബഫർ സോൺ 15 മീറ്ററാണ്. എക്സിക്യുട്ടീവ് സമ്മറി നിർദ്ദേശിച്ച 30 മീറ്റർ എന്നത് ഇരുവശങ്ങളിലായി 15 മീറ്റർ വീതം എന്നാണ് ഉദ്ദേശിക്കുന്നതെന്നാണ് കെ റെയിൽ വിശദീകരണം. അങ്ങനെയെങ്കിൽ അത് എന്ത് കൊണ്ട് കൃത്യമായി ഡിപിആറിൽ ഇക്കാര്യം വ്യക്തമാക്കിയില്ല എന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. എംഡി പറഞ്ഞ 10 മീറ്ററിൽ ആദ്യ അഞ്ച് മീറ്ററിൽ നിർമ്മാണത്തിനു വിലക്കും ബാക്കി അഞ്ചിൽ എൻഒസി നിർബന്ധവും എന്നാണ്. എൻഒസി വേണ്ട പ്രദേശം സർക്കാർ ഏറ്റെടുക്കുന്നില്ല. ഈ സ്ഥലത്തെ നിർമ്മാണത്തിന് ഭാവിയിൽ അനുമതി കിട്ടാൻ സാധ്യത വളരെ കുറവാണ്. സ്ഥലമുടമ വിൽക്കാനും ബുദ്ധിമുട്ടും, നഷ്ടപരിഹാരവുമുണ്ടാകുമോ എന്നും ഉറപ്പില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരം; തീരുമാനമെടുത്തത് എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ്
ആദ്യ ചർച്ചയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാതെ ലീഗ്; മണ്ഡലങ്ങൾ വച്ചുമാറും, ചർച്ച തുടങ്ങി യുഡിഎഫ്