ശ്വാസം നിലച്ച് പോയ നിമിഷം; 2 ഹെലികോപ്റ്ററുകൾ നേരെ, 2 എണ്ണം കുറുകെ...; ത്രസിപ്പിച്ച് സാരംഗ്, അത്ഭുത പ്രകടനം

Published : Jan 05, 2025, 03:35 PM IST
ശ്വാസം നിലച്ച് പോയ നിമിഷം; 2 ഹെലികോപ്റ്ററുകൾ നേരെ, 2 എണ്ണം കുറുകെ...; ത്രസിപ്പിച്ച് സാരംഗ്, അത്ഭുത പ്രകടനം

Synopsis

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്‍റെ ആദ്യ ദിനത്തിലെ ഏറ്റവും മികച്ച ആകര്‍ഷണം വ്യോമസേനയുടെ സാരംഗ് എയ്റോബാട്ടിക് ടീമിന്‍റെ പ്രദര്‍ശനമായിരുന്നു

കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന് ആവേശകരമായ തുടക്കം. കടുത്ത വെയിലിനെപ്പോലും വക വയ്ക്കാതെ ആയിരങ്ങളാണ് ബേപ്പൂര്‍ മറീനയിലേക്ക് ശനിയാഴ്ച രാവിലെ മുതല്‍ ഒഴുകിയെത്തിയത്.

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്‍റെ ആദ്യ ദിനത്തിലെ ഏറ്റവും മികച്ച ആകര്‍ഷണം വ്യോമസേനയുടെ സാരംഗ് എയ്റോബാട്ടിക് ടീമിന്‍റെ പ്രദര്‍ശനമായിരുന്നു. ലോകത്തിലെ തന്നെ അപൂര്‍വ്വം മിലിറ്ററി ഹെലികോപ്ടര്‍ എയ്റോബാടിക് ടീമാണ് സാരംഗ്. നാല് എച്എഎല്‍ ധ്രുവ് എംകെഐ ഹെലികോപ്ടറുകളാണ് പ്രകടനത്തിന്‍റെ ഭാഗമായി വടക്ക് നിന്നും പറന്നെത്തിയത്. സിംഗിള്‍ ലൈന്‍ ഫോര്‍മേഷനില്‍ തുടങ്ങി പ്രശസ്തമായ ത്രിശൂല്‍ ഫോര്‍മേഷനോടു കൂടെയാണ് വ്യോമാഭ്യാസ പ്രകടനം അവസാനിച്ചത്.
 
ഇതിനിടെ കാണികളുടെ ശ്വാസം നിലച്ചു പോകുന്ന എയ്റോബാട്ടിക് പ്രകടനം സാരംഗ് സംഘം നടത്തി. രണ്ട് ഹെലികോടപ്ടറുകള്‍ നേരെയും രണ്ടെണ്ണം കുറുകെ എതിര്‍ദിശകളിലെക്കും പോയത് നിറഞ്ഞ കയ്യടിയോടെയാണ് ബേപ്പൂര്‍ മറീനയിലെ കാണികള്‍ ആസ്വദിച്ചത്. വെളുത്ത പുക കൊണ്ട് രണ്ട് കോപ്ടറുകള്‍ ആകാശത്ത് വരച്ച 'ലൗ' ചിഹ്നവും വിസ്മയകരമായി.

പാരാ ഗ്ലൈഡര്‍മാരുടെ പ്രകടനം, ജെറ്റ് സ്കീയിംഗ്, സര്‍ഫിംഗ് എന്നിവയും കാണികള്‍ക്ക് കൗതുക കാഴ്ച തീര്‍ത്തു.
അന്താരാഷ്ട്ര പട്ടം പറത്തല്‍ മത്സരമായിരുന്നു പകല്‍സമയത്തെ മറ്റൊരാകര്‍ഷണം. പറക്കുന്ന കുതിര, വ്യാളി, ത്രിവര്‍ണപതാക തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന പട്ടങ്ങളായിരുന്നു ഇക്കുറി ബേപ്പൂരിന്‍റെ ആകാശം കീഴടക്കിയത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളും പങ്കെടുക്കാനെത്തിയിരുന്നു.
 
രാത്രിയില്‍ കണ്ണുകള്‍ക്ക് വിസ്മയം പകര്‍ന്ന ഡ്രോണ്‍ ഷോ പുതിയ അനുഭവമായി. പല രൂപങ്ങളിലും ഭാവങ്ങളിലും, സംഗീതത്തിനനുസരിച്ച് ഡ്രോണുകള്‍ നടത്തിയ പ്രകടനം പതിനായിരങ്ങളെയാണ് ആകര്‍ഷിച്ചത്. കയാക്ക് മത്സരങ്ങള്‍ പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു. പുരുഷ വനിതാ വിഭാഗങ്ങളില്‍ സിംഗിള്‍സും ഡബിള്‍സും മിക്സഡ് വിഭാഗങ്ങളിലും മത്സരങ്ങള്‍ നടന്നു. ബേപ്പൂര്‍ മറീനയില്‍ കെ എസ് ഹരിശങ്കറിന്‍റെ ഗാനമേള പ്രകമ്പനം തീര്‍ത്തപ്പോള്‍ ചാലിയം ബീച്ചില്‍ ജ്യോത്സന രാധാകൃഷ്ണന്‍റെ ഗാനമേളയും ആരാധകരെ നൃത്തമാടിച്ചു. 
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് ഇന്ന് സമാപിക്കും. തീരദേശസേനയുടെ കപ്പല്‍ സന്ദര്‍ശനം, ഡ്രോണ്‍ ഷോ, ഘോഷയാത്ര, സമാപന സമ്മേളനം, വിനീത് ശ്രീനിവാസന്‍റെ ഗാനമേള എന്നിവയാണ് സമാപനദിനത്തിലെ ആകര്‍ഷണങ്ങള്‍.

ഒന്ന് വാട്സ് ആപ്പിലൂടെ വിവരം അറിയിച്ചാൽ മാത്രം മതി, സർക്കാർ തരും 2500 രൂപ; മാലിന്യം തള്ളുന്നവർക്ക് കുരുക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓട്ടോ ഡ്രൈവറെ പൊലീസ് മർദിച്ചെന്ന് പരാതി; ഭാര്യയുടെ പരാതിയിൽ അന്വേഷണത്തിനെത്തിയപ്പോൾ മർദനം, കമ്മീഷണർക്ക് പരാതി നൽകും
'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി