വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വൻ തുക ശമ്പളത്തിൽ പുനര്‍ നിയമനം; ഐഎഎസ് അസോസിയേഷന് കടുത്ത അതൃപ്തി

Published : Oct 09, 2023, 07:12 AM ISTUpdated : Oct 09, 2023, 02:14 PM IST
വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വൻ തുക ശമ്പളത്തിൽ പുനര്‍ നിയമനം; ഐഎഎസ് അസോസിയേഷന് കടുത്ത അതൃപ്തി

Synopsis

കേഡര്‍ പദവികളിലേക്ക് പുതിയ ആളുകൾക്ക് എത്താനാകുന്നില്ലെന്ന് മാത്രമല്ല സര്‍ക്കാരിന് താല്പര്യമില്ലാത്തവരെ അവഗണിക്കുന്നതായും അസോസിയേഷന് പരാതിയുണ്ട്.

തിരുവനന്തപുരം: വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വൻ തുക ശമ്പളത്തിലുള്ള പുനര്‍ നിയമനം സംസ്ഥാനത്ത് പതിവാകുന്നതിൽ ഐഎഎസ് അസോസിയേഷന് കടുത്ത അതൃപ്തി. കേഡര്‍ പദവികളിലേക്ക് പുതിയ ആളുകൾക്ക് എത്താനാകുന്നില്ലെന്ന് മാത്രമല്ല സര്‍ക്കാരിന് താല്പര്യമില്ലാത്തവരെ അവഗണിക്കുന്നതായും അസോസിയേഷന് പരാതിയുണ്ട്. പ്രത്യേക തസ്കികയുണ്ടാക്കിയും ശമ്പളത്തോടൊപ്പം പെൻഷൻ നൽകാൻ ചട്ടം ഭേദഗതി ചെയ്തുമൊക്കെയാണ് വാരിക്കോരിയുള്ള പുനർനിയമനങ്ങൾ.

വിരമിച്ച മുൻ ചീഫ് സെക്രട്ടരി വി പി ജോയിക്ക് ചീഫ് സെക്രട്ടറിയെക്കാൾ ശമ്പളം വാങ്ങാൻ അവസരമുണ്ടായത് അടുത്തിടെ വലിയ ചർച്ചയായിരുന്നു. കേരള പബ്ലിക് എൻ്റര്‍പ്രൈസസ് ബോഡിന്‍റെ ചെയര്‍മാൻ തസ്തികയിലേക്ക് വി പി ജോയിയെ പരിഗണിക്കുന്നതിന് സര്‍വ്വീസ് റൂളിലെ ചട്ടം വരെ സര്‍ക്കാര്‍ ഭേദഗതി ചെയ്തു. പെൻഷൻ കഴിഞ്ഞുള്ള അവസാന ശമ്പളമാണ് സാധാരണ പുനര്‍ നിയമനങ്ങൾക്ക് കിട്ടാറുള്ളതെങ്കിൽ, വി പി ജോയിക്ക് പെൻഷനും ശമ്പളവും ഒരുമിച്ചാണ് കിട്ടുന്നത്. സമാന രീതിയിൽ സർവ്വീസിൽ തുടരുന്ന മറ്റൊരു ഉദ്യോഗസ്ഥനാണ് മുൻ ചീഫ് സെക്രട്ടറി ഡോ, കെ എം എബ്രഹാം. വിരമിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പുനര്‍ നിയമനത്തിൽ പല ചുമതലകളും ഇദ്ദേഹത്തിന്റെ കൈവശമാണുള്ളത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി മാത്രമല്ല കിഫ്ബി സിഇഒ സ്ഥാനത്തും കെ ഡിസ്കിന്‍റെ തലപ്പത്തും കെഎം എബ്രഹാമാണ്. ചീഫ് സെക്രട്ടറിയായി വർഷങ്ങൾക്ക് മുമ്പെ വിരമിച്ച കെ ജയകുമാറിനെ തുടരെത്തുടരെ പദവികൾ തേടിയെത്തുന്നു. ഇപ്പോൾ ഐഎംജി ഡയറക്ടറാണ്. അതിന് മുൻപ് മലയാള സര്‍വകലാശാല വിസി, ഇതിനെല്ലാം ഇടക്ക് പല പല ചുമതലകൾ വേറെയും. 

Also Read: കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോർഡ് മറഞ്ഞു; സ്കൂളിലെ തണല്‍ മരത്തിന്റെ ചില്ലകള്‍ മുറിച്ചെന്ന് പരാതി

വിരമിച്ച വിശ്വാസ് മേത്ത സംസ്ഥാന വിവരാവകാശ കമ്മീഷണറാണ്. കിഫ്ബി അഡീഷണൽ സിഇഒ ആയി സത്യജിത്ത് രാജനും ഇലട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ ചെയര്മാനായി ടി കെ ജോസും സേവനം തുടരുന്നു. റെറ ചെയര്‍മാൻ പി എച്ച് കുര്യൻ, ഇൻകെൽ എംഡി ഡോ. കെ ഇളങ്കോവൻ, സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണര്‍ എ ഷാജഹാൻ, അസാപ്പിന്‍റെ തലപ്പത്ത് ഉഷ ടൈറ്റസ് ഇങ്ങനെ പോകുന്നു പുനര്‍ നിയമനങ്ങള്‍. എൻട്രൻസ് കമ്മീഷണറായി ഇരുന്ന ബിഎസ് മാവോജി എസ്ഇഎസ്ടി കമ്മീഷൻ ചെയര്മാനായും ഡിജിപിയായി വിരമിച്ച ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എംഡിയായും തുടരുന്നു. വി തുളസീദാസ്, യു വി ജോസ്, ഡോ. സന്തോഷ് ബാബു, പോൾ ആന്‍റണി തുടങ്ങി ഒറ്റ നോട്ടത്തിൽ തന്നെയുണ്ട് 30 ലേറെ പുനർനിയമനം. 

ഐഎംജി ഡയറക്ടർ തസ്തിക അടക്കം ചിലത് കേഡർ തസ്തികയാണ്. വിരമിച്ചവർ തുടരുന്നതിനാൽ ഐഎഎസ്സുകാർക്ക് നഷ്ടമാകുന്നത് ഇത്തരം കേഡർ പോസ്റ്റുകളാണ്. കൂട്ട പുനർനിയമനത്തിനെതിരെ ഐഎഎസ് അസോസിയേഷൻ സർക്കാറിന് നേരത്തെ കത്ത് നൽകിയെങ്കിലും ഒന്നും നടന്നില്ല. കേഡർ പോസ്റ്റുകളിലെ വിരമിച്ചവരുടെ നിയമനത്തിനെതിരെ അസോസിയേഷൻ്റെ പരാതി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൻ്റെ പരിഗണനയിലാണ്. കഴിവും സേവന പരിചയവും കണക്കിലെടുത്താണ് മികച്ചവരെ സർവ്വീസിൽ നിലനിർത്തുന്നതെന്നാണ് സർക്കാറിൻ്റെ വിശദീകരണം. പുതിയവർക്ക് കഴിവ് തെളിയിക്കാൻ അവസരം വേണ്ടോ എന്ന ചോദ്യമാണിവിടെ ഐഎഎസ് അസോസിയേഷൻ ഉയർത്തുന്നത്. മികവ് മാനദണ്ഡമെന്ന് പറയുമ്പോഴും മിക്ക പുനർനിയമനവും കിട്ടുന്നത് സർക്കാറിന് ഏറ്റവും വേണ്ടപ്പെട്ടവർക്ക് മാത്രവുമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഴിഞ്ഞം: ചരിത്ര കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു; രണ്ടാം ഘട്ട നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
വിലക്ക് ലംഘിച്ച് മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി; അന്വേഷിക്കാൻ നിർദേശം നൽകി ജയകുമാർ