
തിരുവനന്തപുരം: കേരളത്തിലെ ഐ എ എസ് ഉദ്യോഗസ്ഥരുടെ പൊരിഞ്ഞ പോരിനിടെ എൻ പ്രശാന്ത് ഐ എ എസ് പരസ്യ പ്രതികരണം ശക്തമായി തുടരുന്നു. 'ഓണക്കിറ്റിൽ ഫ്രീ കിട്ടിയതല്ല ഐ എ എസ് എന്നും കരിയർ തീർക്കാൻ മാത്രം ആരും കേരളത്തിലില്ലെന്നുമാണ് എൻ പ്രശാന്ത് ഏറ്റവും ഒടുവിലായി കുറിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ഐ എ എസിനെതിരായ പരസ്യ വിമർശനമുന്നയിച്ച ഫേസ്ബുക്ക് പോസ്റ്റിനടിയിൽ വന്ന കമന്‍റിനുള്ള മറുപടിയായാണ് എൻ പ്രശാന്ത് ഇക്കാര്യം കുറിച്ചത്.
'ജനിച്ച് വീണതേ ഐ എ എസ് ആവും എന്ന് കരുതിയിട്ടല്ല. പഠിച്ചതാകട്ടെ നിയമമാണ്. ഓണക്കിറ്റിൽ ഫ്രീ ആയി കിട്ടിയതല്ല, പഠിച്ച് എഴുതി കിട്ടിയ ജോലിയാണ്. ജോലിയും കരിയറും തീർക്കാൻ മാത്രം ആരും കേരളത്തിൽ ഇല്ല എന്നാണെന്‍റെ ഒരിത്' - ഇങ്ങനെയായിരുന്നു പ്രശാന്ത് നൽകിയ ഒരു മറുപടി.‘നിങ്ങൾ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. സംസാരിക്കുന്നതും എഴുതുന്നതും ഒക്കെ നല്ലോണം ആലോചിച്ചു ചെയ്യൂ.. ജോലിയും കരിയറും ഒക്കെ ഇല്ലാതാക്കാൻ കഴിയുന്ന ഒരു വിഭാഗം തലക്കുമുകളിൽ ഉണ്ടെന്നു മറന്നു പോകരുത്. സമാധാനമായി ചിന്തിച്ചു പക്വതയോടെ വേണ്ടത് ചെയ്യൂ’ എന്ന കമന്‍റിനുള്ള മറുപടിയായാണ് എൻ പ്രശാന്ത് ഇങ്ങനെ കുറിച്ചത്.
അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിൻ്റെ ചിത്രം സഹിതമുള്ള കുറിപ്പിൽ നേരത്തെ എൻ പ്രശാന്ത് അതിരൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. തനിക്കെതിരെ മാതൃഭൂമിക്ക് വാർത്ത നൽകുന്നത് ജയതിലകാണെന്ന് ആരോപിച്ച പ്രശാന്ത്, 'സ്പെഷൽ റിപ്പോർട്ടർ' എന്നാണ് ജയതിലകിനെ പരിഹസിച്ചത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് വിമർശിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam