
കൽപ്പറ്റ: ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഉറച്ച കോട്ടയാണ് സുൽത്താൻ ബത്തേരി. 1977 ൽ സുൽകത്താൻ ബത്തേരി നിയമസഭ മണ്ഡലം രൂപീകൃതമായതു മുതൽ രണ്ട് പ്രാവശ്യം മാത്രമാണ് സിപിഎം മണ്ഡല പിടിച്ചെടുത്ത്. അതുമാറ്റി നിർത്തിയാൽ കോൺഗ്രസോ അവരുടെ സഖ്യകക്ഷികളോ അല്ലാതെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇവിടെ വിജയിച്ചിട്ടില്ല. സുൽത്താൻ ബത്തേരി നഗരം, അമ്പലവയൽ, നെന്മേനി, നൂൽപ്പുഴ, ചീരാൽ, കിടങ്ങനാട് തുടങ്ങിയ പഞ്ചായത്തുകൾ അടങ്ങിയതാണ് സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലം. പണിയ, കാട്ടുനായ്ക, കുറുമ്മ, അടിയ വിഭാഗങ്ങളുൾപ്പെടെയുള്ള പട്ടികവർഗക്കാർ മണ്ഡലത്തിലെ വലിയൊരു വിഭാഗമാണ്. മധ്യതിരുവിതാംകൂറിൽ നിന്നുള്ള ക്രൈസ്തവ കർഷകരും വ്യാപാര മേഖലയിൽ സജീവമായ മുസ്ലീം വിഭാഗവും രാഷ്ട്രീയമായി നിർണ്ണായക സ്വാധീനം ചെലുത്തുന്നവരാണ്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ ഐസി ബാലകൃഷ്ണനാണ് വിജയിച്ചത് 81,077 വോട്ടുകളായിരുന്നു ലഭിച്ചത്. തൊട്ടുപിന്നാലെ എൽഡിഎഫ് സ്ഥാനാർഥി എംഎസ് വിശ്വനാഥനും ഉണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ടേമുകളിലായി ഐസി ബാലകൃഷ്ണൻ തന്നെയാണ് വിജയിച്ചുവരുന്നത്. ഇത്തവണയും ഐസി ബാലകൃഷണൻ തന്നെയാണ് കോൺഗ്രസിനു വേണ്ടി രംഗത്ത് ഇറങ്ങുന്നത്. കവിത എഎസ്ആണ് ബിജെപി സ്ഥാനാർത്ഥി. ഇടതുപക്ഷത്തിനുവേണ്ടി രംഗത്ത് ഇറങ്ങുന്നത് എംഎസ് വിശ്വനാഥനാണ്.
കൃഷിയെയും കുടിവെള്ള ലഭ്യതയെയും ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനം, ആന, കടുവ എന്നിവയുമായി ബന്ധപ്പെട്ട മനുഷ്യ-വന്യജീവി സംഘർഷം, വന്യജീവി ഇടനാഴികൾ നശിപ്പിക്കപ്പെടുന്നത്, കുരുമുളക്, ഇഞ്ചി കർഷകരുടെ പ്രതിസന്ധികൾ, ആദിവാസി ഭൂമി നഷ്ടപ്പെടുന്നതും വനാവകാശങ്ങളിലെ കാലതാമസവും, അതിർത്തി റോഡുകളിലെ സുരക്ഷയും വന്യജീവികളുടെ മരണവും, നിയന്ത്രണമില്ലാത്ത ടൂറിസം പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന ആഘാതം തുടങങിയവയാണ് മണ്ഡലത്തിലെ പ്രധാന ചർച്ച വിഷയങ്ങൾ. കൃഷിയും കാടും വന്യജീവികളും മനുഷ്യരും തമ്മിലുള്ള അതിജീവനത്തിന്റെ പോരാട്ടം നടക്കുന്ന ഭൂമികയാണ് സുൽത്താൻ ബത്തേരി. വയനാട് ഉരുൾപൊട്ടലിൽ വീടച് വെച്ചുനൽകാമെന്ന വാഗ്ദാനവും ഇപ്രാവശ്യം മണ്ഡലത്തിൽ ചർച്ചയാകാൻ സാധ്യതയുണ്ട്.
യുഡിഎഫിൻ്റെ കോട്ടയാണ് സുൽത്താന ബത്തേരിയെങ്കിലും സിപിഎം രണ്ട് പ്രാവശ്യം അട്ടിമറി വിജയം നേടിയ ചരിത്രമുണ്ട്. നാലാം തവണയാണ് ഐസി ബാലകൃഷ്ണൻ അങ്കത്തിനായി കളത്തിലിറങ്ങുന്നത്. എതിരാളി കഴിഞ്ഞ പ്രാവശ്യം മത്സരിച്ച എംഎസ് വിശ്വനാഥൻ തന്നെ. എന്നാൽ കഴിഞ്ഞ ദിവസത്തെ ചിത്രമല്ല ഇത്തവണത്തേത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കേരളത്തിലെ ഏക ട്രാൻസ്ജെന്റർ സ്ഥാനാർഥിയായി പ്രകൃതിയും സുൽത്താൻ ബത്തേരിയിൽ മത്സര രംഗത്ത് ഉണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam