
തിരുവനന്തപുരം: വിഴിഞ്ഞം തീരസംരക്ഷണ സേനക്ക് അതിവേഗ നിരീക്ഷണ കപ്പലായ ഐ സി ജി എസ് അനഘ് (ICGS- 246) കൈമാറി. വിഴിഞ്ഞം തീര സംരക്ഷണ സേന ജെട്ടിയിൽ വെച്ച് ഇന്നാണ് കപ്പൽ കൈമാറിയത്. കേരളത്തിന്റെ തീരദേശ സുരക്ഷ വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാവും ഐ സി ജി എസ് അനഘ് അതിവേഗ നിരീക്ഷണ കപ്പലിന്റെ സാന്നിധ്യം.
'കരിങ്കൊടി കെട്ടി ബൈക്ക് റാലി', 16 ന് വിഴിഞ്ഞം തുറമുഖം ഉപരോധിക്കാന്‍ അതിരൂപത
ഉൾക്കടലിലടക്കം തിരച്ചിൽ നടത്താനും രക്ഷാപ്രവർത്തനത്തിനും ഈ കപ്പൽ വലിയ സഹായമാകും. കപ്പൽ കൈമാറ്റ ചടങ്ങിൽ കേരള അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) ഡോ വി വേണു മുഖ്യാതിഥിയായിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമീപഭാവിയിൽ ഈ പ്രദേശത്തെ ഏറ്റവും തിരക്കേറിയ ഷിപ്പിംഗ് ഹബ്ബായി മാറുമെന്നാണ് കരുതുന്നത്. അതിനാൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സുരക്ഷ ശക്തിപ്പെടുത്തേണ്ടതിന്റെ തന്ത്രപരമായ ആവശ്യമുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് അനഘ് കപ്പൽ വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായത്.
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് തദ്ദേശീയമായി നിർമ്മിച്ച കപ്പലാണ് ഐ സി ജി എസ് അനഘ്. പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കാൻ ശേഷിയുള്ള കപ്പലാണിത്. 15 ദിവസം തുടർച്ചയായി കടലിൽ തങ്ങാൻ കപ്പലിന് കഴിയും. ആയുധങ്ങളും തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. അമിത് ഹൂഡയാണ് കപ്പലിന്റെ കമ്മാന്റന്റ്. മറ്റ് അഞ്ച് ഉദ്യോഗസ്ഥരും 33 ജീവനക്കാരുമാണ് കപ്പലിലുള്ളത്.
കേരളത്തിന്റെയും മാഹിയുടെയും ചുമതലയുള്ള തീരസംരക്ഷണ സേനാ മേഖലാ കമാൻഡർ, വിഴിഞ്ഞം തീരസംരക്ഷണ സേന കമാൻഡർ, പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ, ശംഖുമുഖം എയർഫോഴ്സ് സ്റ്റേഷൻ ചീഫ് ഓപ്പറേഷൻ ഓഫീസർ, അനഘിന്റെ കമ്മന്റിങ് ഓഫീസർ, ജില്ലാ കളക്ടർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.