ഇടമലയാർ ഡാം ഇന്ന് തുറക്കും,ഇടുക്കിയിൽ നിന്നൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടും,ജാ​ഗ്രത പാലിക്കണം

By Web TeamFirst Published Aug 9, 2022, 5:40 AM IST
Highlights

അടിയന്തരസാഹചര്യം ഉണ്ടാവുന്ന പക്ഷം രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിക്കാൻ 21 അംഗ എന്‍.ഡി.ആര്‍.എഫ് സേനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്

തിരുവനന്തപുരം :എറണാകുളം ഇടമലയാര്‍ ഡാം ഇന്ന് തുറക്കും. രാവിലെ 10 മണിക്കാണ് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുക.ആദ്യം 50 ക്യുമെക്സ് ജലവും തുടർന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക. ഇടുക്കിക്കൊപ്പം ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു.ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് ആറിയിച്ചു.എവിടെയെങ്കിലും അടിയന്തരസാഹചര്യം ഉണ്ടാവുന്ന പക്ഷം രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിക്കാൻ 21 അംഗ എന്‍.ഡി.ആര്‍.എഫ് സേനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ജനപ്രതിനിധികളോടും വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

 

ഇടുക്കി ജലനിരപ്പ് വീണ്ടും ഉയർന്നു. 2386.86 അടിയായി. ഇടുക്കി അണക്കെട്ടിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിൻറെ അളവ് ഇന്ന് കൂട്ടിയേക്കും. ഒഴുകി എത്തുന്ന വെളളത്തിൻറെയും വൃഷ്ടിപ്രദേശത്തെ മഴയുടെയും മുല്ലപ്പെരിയാറിൽ നിന്നുമെത്തുന്ന വെള്ളത്തിൻറെയും അളവിനനുസരിച്ചാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. നീരൊഴുക്കിൻറെ ശക്തി കാര്യമായി കുറഞ്ഞില്ലെങ്കിൽ ഇടുക്കിയിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിൻറെ അളവ് കൂട്ടും. മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തിയായി തുടരുകയാണ്.മുല്ലപ്പെരിയാർ ജലനിരപ്പ് 139.55 ആയി ഉയർന്നു. ജലനിരപ്പ് അപ്പർ റൂൾ ലവലിനു താഴെ എത്തുന്നതു വരെ വെള്ളം തുറന്നു വിടണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് അണക്കെട്ടുകളിൽ നിന്നും വെള്ളം തുറന്നു വിട്ടതോടെ പെരിയാറിൻറെ തീരത്തെ ചില വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. വെള്ളം കയറിയ വീടുകളിലുള്ളവർക്ക് മാറിത്താമസിക്കാൻ ക്യാമ്പുകളും തുറന്നു. 

മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നു.ഡാമിന്റെ 4 ഷട്ടറുകൾ 55 സെൻറിമീറ്റർ ഉയർത്തിയിരിക്കുകയാണ്. മുക്കൈ പുഴ കരകവിഞ്ഞതോടെ മുക്കൈ പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു.ശിരുവാണി ഡാമിന്റെ സ്സൂയിസ് ഷട്ടർ 1.70 അടിയായി ഉയർത്തിയിട്ടുണ്ട്.അട്ടപാടിയിൽ ഭവാനി, ശിരുവാണി പുഴകളിൽ ജലനിരപ്പ് ഉയർന്നു. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ 1 സെന്റീമീറ്റർ ഉയർത്തി. ചുള്ളിയാർ ഡാമിന്റെ സ്ലൂയിസ് ഷട്ടർ ഇന്ന് 10 മണിക്ക് ഉയർത്തും. ഗായത്രി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 

ബാണാസുര സാഗർ ഡാം തുറന്നതിനെ തുടർന്ന് കബനി നദിയിൽ ജല നിരപ്പ് ഉയർന്നു.നിലവിൽ വെള്ളപൊക്ക ഭീഷണിയില്ല.ബീച്ചനഹള്ളി ഡാമിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയത് ആശ്വാസമായി.ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്.2540 അടിയ്ക്ക് മുകളിലേക്ക് ജലനിരപ്പെത്തി.ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തും.സെക്കന്റിൽ 17 ഘനമീറ്റർ വെള്ളമാണ് തുറന്നു വിടുന്നത്

click me!