ഷോളയാറിൽ നിന്ന് കൂടുതൽ വെള്ളമെത്തുന്നു, ചാലക്കുടിയിൽ ജാഗ്രത നിർദേശം; ഇടമലയാർ അണക്കെട്ട് നാളെ തുറക്കും

By Web TeamFirst Published Oct 18, 2021, 3:12 PM IST
Highlights

ഷോളയാർ, കക്കി ഡാമുകൾ തുറന്നു. വരും ദിവസങ്ങളിലെ മഴയും കൂടി കണക്കിലെടുത്താണ് കക്കി ഡാം തുറന്നത്. 

തൃശൂർ: ദുരിതപ്പെയ്ത്തിന് ശേഷം സംസ്ഥാനത്തിന്റെ ചിലയിടങ്ങളിൽ മഴ (rain) മാറിയെങ്കിലും നിതാന്ത ജാഗ്രതയിൽ കേരളം. ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. എന്നാൽ ബുധനാഴ്ച 12 ജില്ലകളിൽ യെലോ അലർട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ ഡാമുകൾ (dam open) തുറന്ന് തുടങ്ങി. കെഎസ്ഇബിയുടെ എട്ട് ഡാമുകളിലും ജലവിഭവവകുപ്പിന്റെ രണ്ട് ഡാമിലും റെഡ് അലർട്ടാണ്. ഷോളയാർ, കക്കി ഡാമുകൾ തുറന്നു. വരും ദിവസങ്ങളിലെ മഴയും കൂടി കണക്കിലെടുത്താണ് കക്കി ഡാം തുറന്നത്.  

ചാലക്കുടിയിൽ ജാഗ്രത നിർദേശം

ഷോളയാറിൽ നിന്നും പറമ്പിക്കുളത്ത് നിന്നും  വെള്ളമൊഴുക്കി വിടുന്ന സാഹചര്യത്തിൽ ചാലക്കുടിയിൽ കനത്ത ജാഗ്രത നിർദേശം. പറമ്പിക്കുളത്ത് നിന്നും 6000 ഘനയടി വെള്ളവും ഷോളയാറിൽ നിന്ന് 3500 ഘനയടി വെള്ളവുമാണ് ഒഴുക്കുന്നത്.  വൈകീട്ട് 4 നും 6 നും ഇടയിൽ ചാലക്കുടി പുഴയിൽ വെള്ളം ഉയരുമെന്നാണ് നിലവിൽ കണക്കാക്കുന്നത്. ആദ്യ ഘട്ടത്തിൽ അതിരപ്പിള്ളി, മേലൂർ, പരിയാരം, കറുകുറ്റി, അന്നമനട, കൂഴൂർ, പൊയ്യ മേഖലകളിൽ വെള്ളം കയറും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളി ലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ഉടൻ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണമെന്നാണ് നിർദ്ദേശം. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി രാജൻ അറിയിച്ചു. 

ഇടമലയർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ തുറക്കും. രാവിലെ 6 മണി മുതലാണ് ഷട്ടർ പരമാവധി 80 സെന്റിമീറ്റർ വീതം ഉയർത്തുക. പെരിയാറിന്റെ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ ഇടുക്കി ഡാം തുറന്നേക്കുമെന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം. സ്ഥിതിഗതികൾ വിലയിരുത്താൻ ആർഡിഒയുടെ നേതൃത്വത്തിൽ കോതമംഗലത് അടിയന്തര യോഗം ചേർന്നു. നിലവിൽ 165.4 മീറ്റർ ആണ് ജനനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭണശേഷി 169 സെന്റി മീറ്റർ ആണ്. 

കനത്ത മഴയെ തുടർന്ന് ചിമ്മിനി ഡാമിന്റെ ഷട്ടർ 10 സെ. മീറ്ററിൽ നിന്ന് 13 സെ. മീറ്ററായി ഉയർത്തി. ഡാമിലെ വെള്ളം ഒഴുകിയെത്തുന്ന താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അവശ്യഘട്ടങ്ങളിൽ ക്യാമ്പുകളിലേയ്ക്ക് നിർബന്ധമായും മാറി താമസിക്കേണ്ടതുമാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.

click me!