തിരിച്ചറിയൽ രേഖ നിർബന്ധം, കൊച്ചിയിലെ പാര്‍ട്ടികളില്‍ ലഹരി സാന്നിധ്യം ഇല്ലാതാക്കാന്‍ കര്‍ശന മാനദണ്ഡങ്ങള്‍

By Web TeamFirst Published Dec 20, 2022, 5:40 AM IST
Highlights

തിരിച്ചറിയൽ രേഖയുമായി പാർട്ടിയിൽ പ്രവേശിക്കുന്നവർ പിന്നീട് ലഹരി ഉപയോഗിക്കുകയോ, സ്ത്രീകളോട് മോശമായി പെരുമാറുകയോ ചെയ്താൽ മറ്റ് ഹോട്ടലുകളിലെ പാർട്ടികളിൽ പ്രവേശനം നിഷേധിക്കാനും സംവിധാനമൊരുക്കും

ഇത്തവണ കൊച്ചി നഗരത്തിൽ ക്രിസ്മസ് ന്യൂ ഇയർ പാർട്ടികളിൽ പങ്കെടുക്കാൻ തിരിച്ചറിയൽ രേഖ നിർബന്ധം. സർക്കാർ രേഖ ലഭ്യമാക്കിയില്ലെങ്കിൽ പാർട്ടികളിൽ പ്രവേശനം ഉണ്ടാകില്ലെന്ന് അസ്സോസിയേഷൻ ഓഫ് ഓർഗനൈസേഴ്സ് ആന്‍റ് പെർഫോമേഴ്സ് വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന അന്വേഷണ ഏജൻസികൾക്ക് പിന്തുണ ഉറപ്പാക്കി ലഹരി വിമുക്ത ആഘോഷരാവുകൾ ഒരുക്കാനാണ് സംഘടനയുടെ തീരുമാനം.

ലഹരി സാന്നിദ്ധ്യം മാറ്റി നിർത്താൻ പ്രോട്ടോക്കോൾ കർശനമാക്കുകയാണ് അസ്സോസിയേഷൻ ഓഫ് ഓർഗനൈസേഴ്സ് ആന്‍റ് പെർഫോമേഴ്സ്. ബൗൺസേഴ്സിന്‍റെ എണ്ണം കൂട്ടി മുക്കിലും മൂലയിലും പരിശോധന നടത്തും. തിരിച്ചറിയൽ രേഖയും ദേഹപരിശോധനയും നിർബന്ധം. കൊച്ചിയിലെ പാർട്ടികളിൽ ലഹരി സാന്നിദ്ധ്യമെന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് അസ്സോസിയേഷൻ ഓഫ് ഓർഗനൈസേഴ്സ് ആന്‍റ് പെർഫോമേഴ്സ് എന്ന സംഘടന തന്നെ രംഗത്തിറങ്ങുന്നത്.

ചില ഹോട്ടലുകളിലെ ലഹരിപ്പാർട്ടികൾ ഈ മേഖലയ്ക്കൊന്നാകെ പൂട്ടിടുന്പോൾ ആഘോഷപാർട്ടികൾ തന്നെ ഒരു വർഷം വരെ നിർത്തിവയ്ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിനൊരു മാറ്റം വരുത്താനാണ് മാസങ്ങൾക്ക് മുൻപ് സംഘടന രൂപീകരിച്ചത്. നഗരത്തിലെ ഹോട്ടലുകളിൽ പാർട്ടികൾ സംഘടിപ്പിക്കുന്നവരും ഇതിൽ പങ്കെടുക്കുന്ന കലാകാരന്മാരുമാണ് അംഗങ്ങൾ.

NDPS വകുപ്പ് പ്രകാരം ലഹരി ഉപയോഗിക്കുന്ന പാർട്ടികളുടെ സംഘാടകർക്കെതിരെയും ഇത് നടത്തുന്ന ഹോട്ടൽ ഉടമയ്ക്കെതിരെയും കേസെടുക്കാം. തിരിച്ചറിയൽ രേഖയുമായി പാർട്ടിയിൽ പ്രവേശിക്കുന്നവർ പിന്നീട് ലഹരി ഉപയോഗിക്കുകയോ, സ്ത്രീകളോട് മോശമായി പെരുമാറുകയോ ചെയ്താൽ മറ്റ് ഹോട്ടലുകളിലെ പാർട്ടികളിൽ പ്രവേശനം നിഷേധിക്കാനും സംവിധാനമൊരുക്കും. മറ്റ് ജില്ലകളിൽ നിന്ന് കൊച്ചി നഗരത്തിലെത്തുന്നവരാണ് മിക്ക ലഹരി കേസുകളിലും പിടിക്കപ്പെടുന്നത്. അതിനാൽ വിദൂര ജില്ലകളിൽ നിന്നെത്തുന്ന വാഹനങ്ങൾ പ്രത്യേകം നിരീക്ഷിക്കാനും അന്വേഷണ ഏജൻസികൾ തീരുമാനിച്ചിട്ടുണ്ട്.

click me!