
ഇടുക്കി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ മുന്നറിയിപ്പുകള്‍ ലംഘിച്ചതാണ് നിര്‍ഭാഗ്യകരമായ അപകടത്തിന് കാരണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനാൽ തന്നെ പ്രദേശത്തെ വീടുകളിലുള്ളവരെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാൽ മാറ്റി പാർപ്പിച്ചിരുന്നിടത്ത് നിന്ന് അവര്‍ വീട്ടിലേക്ക് തിരികെ വരുകയായിരുന്നു. ഇക്കാര്യത്തിൽ അവര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. മുന്നറിയിപ്പ് ലംഘിക്കാൻ പാടില്ലായിരുന്നു. നിര്‍ഭാഗ്യവശാൽ അവര്‍ വീട്ടിൽ തിരിച്ചെത്തുകയും അപകടത്തിൽപെടുകയുമായിരുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അപകടകരമായ സാഹചര്യങ്ങളിൽ മുന്നറിയിപ്പ് അവഗണിക്കാൻ പാടില്ലെന്നാണ് വ്യക്തിപരമായി ഈ ഘട്ടത്തിൽ പറയാനുള്ളത്.പ്രകൃതിയോടും ദുരന്തത്തോടും മല്ലടിക്കുക അസാധ്യമാണ്.
ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇന്നലെ രാത്രി 10.30നുശേഷമുണ്ടായ മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ ദമ്പതിമാരിൽ ഒരാള്‍ ആണ് മരിച്ചത്. അഞ്ചുമണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷം കൂമ്പൻപാറയിലെ ബിജുവിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ബിജുവിന്‍റെ ഭാര്യ സന്ധ്യയെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. സന്ധ്യയ്ക്ക് ശ്വാസ തടസമുണ്ടെന്നും വിളിച്ചാൽ പ്രതികരിക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയ സന്ധ്യയെ വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സന്ധ്യയെ രക്ഷിച്ച് ഒരു മണിക്കൂറോളം കഴിഞ്ഞാണ് ഭർത്താവ് ബിജുവിനെയും പുറത്ത് എത്തിക്കാനായത്. 2 മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തകർന്ന വീടിന്‍റെ അവശിഷ്ടങ്ങൾ നീക്കിയാണ് ബിജുവിനെയും പുറത്തെടുത്തത്. പുറത്തെടുക്കുമ്പോൾ ബിജു ഗുരുതരാവസ്ഥയിലായിരുന്നു.
50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞ് വീണ് രണ്ടു വീടുകൾ തകർന്നു. ശക്തമായ മഴമുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്ത് നിന്നും 25 ഓളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. അതില്‍ ബിജുവും ഭാര്യയും ഉണ്ടായിരുന്നു. പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിന് വേണ്ടി ഇരുവരും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടം നടന്നതെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam