Kerala Rains| ഇടുക്കി അണക്കെട്ട്; ജലനിരപ്പിലെ ആശങ്ക ഒഴിയുന്നുവെന്ന് കെഎസ്ഇബി വിലയിരുത്തൽ

By Web TeamFirst Published Oct 19, 2021, 10:08 PM IST
Highlights

ജലനിരപ്പിലെ ആശങ്ക ഒഴിയുന്നുവെന്നാണ് കെഎസ്ഇബി വിലയിരുത്തുന്നത്. മറ്റന്നാൾ മുതൽ പുതിയ റൂൾ കർവ് നിലവിൽ വരും.

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട്(idukki dam)  നാളെ അർധരാത്രിയോടെ ഒരു ഷട്ടർ മാത്രം തുറന്ന സ്ഥിതിയിലേക്കെത്തിക്കും. ജലനിരപ്പിലെ ആശങ്ക ഒഴിയുന്നുവെന്നാണ് കെഎസ്ഇബി (kseb) വിലയിരുത്തുന്നത്. മറ്റന്നാൾ മുതൽ പുതിയ റൂൾ കർവ് നിലവിൽ വരും. മഴ ശക്തമായാൽ സാഹചര്യം വിലയിരുത്തി തിരുമാനമെടുക്കും. ഇടമലയാറിൽ നാളെ കാര്യമായ മാറ്റം വരുത്തിയേക്കില്ല.

സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്കാണ് മുന്നറിയിപ്പ്. നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, ആലപ്പുഴ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഈ  മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വലിയുന്നതിനൊപ്പം, തുലാവര്‍ഷത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നതിനാലാണ് മഴ വീണ്ടും ശക്തമാകുന്നത്. കിഴക്കന്‍ കാറ്റിന്റെ ശക്തി കൂടുന്നതും മഴ സാധ്യത വര്‍ധിപ്പിക്കും. മലയോര മേഖലകളിൽ കൂടുതൽ ശക്തമായ മഴ പെയ്യും. തീരപ്രദേശങ്ങളിലും ജാഗ്രത വേണം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്ച വരെ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇടുക്കി അടക്കമുള്ള അണക്കെട്ടുകൾ തുറന്നിട്ടിരിക്കുന്നതിനാൽ, അതീവ  ജാഗ്രതയിലാണ് സംസ്ഥാനം. ഓറ‍ഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും റെഡ് അലർട്ട് എന്ന പോലെ തയ്യാറെടുപ്പുകൾ നടത്താനാണ് സർക്കാർ നിർദ്ദേശം. അപകടമേഖലകളിൽ നിന്ന് ആളുകൾ മാറിതാമസിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റന്നാള്‍ 12 ജില്ലകളിലാണ് ഓറഞ്ച് അലർട്ടായിരിക്കും.

 

click me!