
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ 12 മുതൽ 19 വരെ 39 പേർ മരിച്ചുവെന്ന് റവന്യു മന്ത്രി കെ രാജൻ (k rajan). അഞ്ച് പേരെ കണ്ടെത്താനുണ്ടെന്നും മന്ത്രി പറഞ്ഞു. റെഡ് അലർട്ട് (red alert) എന്ന പോലെ നാളെയും മറ്റന്നാളും സ്ഥിതി നേരിടും. തുലാവർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിൽ ഉൾപ്പടെ നേരിടാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പശ്ചിമഘട്ടത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ക്യമ്പുകളിൽ എല്ലാ സൗകര്യവും ലഭ്യമാക്കും. സമൂഹ മാധ്യമങ്ങളിൽ അനാവശ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എൻഡിആർഎഫിൻ്റെ 12 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യോമ - നാവിക സേനയുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ചുരുക്കം സമയത്തിലാണ് മുന്നറിയിപ്പുകൾ മാറി വരുന്നത്. അതിനാല്‍, ദുരന്തമുഖത്ത് അനാവശ്യമായി ജനങ്ങൾ പോകരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്കാണ് മുന്നറിയിപ്പ്. നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, ആലപ്പുഴ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഈ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വലിയുന്നതിനൊപ്പം, തുലാവര്‍ഷത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നതിനാലാണ് മഴ വീണ്ടും ശക്തമാകുന്നത്. കിഴക്കന്‍ കാറ്റിന്റെ ശക്തി കൂടുന്നതും മഴ സാധ്യത വര്‍ധിപ്പിക്കും. മലയോര മേഖലകളിൽ കൂടുതൽ ശക്തമായ മഴ പെയ്യും. തീരപ്രദേശങ്ങളിലും ജാഗ്രത വേണം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്ച വരെ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇടുക്കി അടക്കമുള്ള അണക്കെട്ടുകൾ തുറന്നിട്ടിരിക്കുന്നതിനാൽ, അതീവ ജാഗ്രതയിലാണ് സംസ്ഥാനം. ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും റെഡ് അലർട്ട് എന്ന പോലെ തയ്യാറെടുപ്പുകൾ നടത്താനാണ് സർക്കാർ നിർദ്ദേശം. അപകടമേഖലകളിൽ നിന്ന് ആളുകൾ മാറിതാമസിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റന്നാള്‍ 12 ജില്ലകളിലാണ് ഓറഞ്ച് അലർട്ടായിരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam