ഇടുക്കി ഡാം വീണ്ടും തുറന്നു; പെരിയാറിന്‍റെ ഇരുകരകളിലും ജാഗ്രതാനിര്‍ദ്ദേശം

By Web TeamFirst Published Nov 18, 2021, 10:22 AM IST
Highlights

ചെറുതോണി, പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത  പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഇടുക്കി: ഇടുക്കി അണക്കെട്ട് (idukki dam) വീണ്ടും തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടർ തുറന്നത്. ഷട്ടര്‍ 40 സെന്റിമീറ്റർ ഉയർത്തി സെക്കന്റിൽ 40000 ലീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുത്. ചെറുതോണി, പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത  പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പെരിയാറില്‍ പുഴ മുറിച്ച് കടക്കുന്നതും മീന്‍പിടുത്തവും നിരോധിച്ചിട്ടുണ്ട്.

ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ്, അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാൽ അധിക ജലം ക്രമീകരിക്കുന്നതിനായിട്ടാണ് ഷട്ടര്‍ തുറന്നത്. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടി. സെക്കന്റിൽ 1544 ഘനയടി വെള്ളമാണ് ഇപ്പോൾ തുറന്നു വിട്ടുന്നത്.

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. മലയോര മേഖലയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടാണെങ്കിലും ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Also Read: കേരളത്തിൽ കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

click me!