
ഇടുക്കി: ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി അണക്കെട്ട് ഓണക്കാല അവധിയോട് അനുബന്ധിച്ച് തുറന്നു കൊടുത്തതോടെ സഞ്ചാരികളുടെ വലിയ തിരക്കാണിപ്പോൾ. സുരക്ഷ പ്രശ്നത്തെ തുടർന്ന് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾക്കു മുകളിലൂടെ കാൽനട യാത്ര പൊലീസ് നിരോധിച്ചതിനാൽ കെഎസ്ഇബി ഹൈഡൽ ടൂറിസം വിഭാഗത്തിൻറെ ബഗ്ഗി കാറിലാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്. നവംബർ 30 വരെയാണ് സന്ദർശന അനുമതി.
സഞ്ചാരികളിലൊരാൾ അണക്കെട്ടിലെ സുരക്ഷ മറികടന്നതോടെ 11 സ്ഥലത്ത് താഴിട്ടു പൂട്ടിയതിനെ തുടർന്നാണ് കാൽനടയാത്ര പൊലീസ് വിലക്കിയത്. പകരം ബഗ്ഗി കാറുകൾ ക്രമീകരിച്ചിട്ടുണ്ട്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് കർശന പരിശോധനക്ക് ശേഷമാണ് ആളുകളെ പോലീസ് കടത്തി വിടുന്നത്. ചെറുതോണി ഡാമിനു മുകളിലൂടെ വൈശാലി ഗുഹയും കടന്ന് ആർച്ച് ഡാം വരെ കണ്ടു മടങ്ങാൻ അര മണിക്കൂർ സമയം വേണം.
മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് ചാർജ്ജ്. എട്ട് ബഗ്ഗി കാറുകളിലായി പരമാവധി 1248 പേർക്ക് മാത്രമാണ് ഒരു ദിവസം അണക്കെട്ട് കാണാൻ കഴിയുക. ഹൈഡൽ ടൂറിസം വിഭാഗത്തിൻറെ വെബ് സൈറ്റിൽ സമയം ബുക്ക് ചെയ്ത് ഓൺലൈനായി പണമടയ്ക്കണം. അല്ലെങ്കിൽ നിരാശരായി മടങ്ങേണ്ടി വരും.
ക്യാമറ ഉൾപ്പെടെയുള്ള ഇലക്ടോണിക് ഉപകരണങ്ങളും ബാഗുകളുമൊന്നും കയ്യിൽ കൊണ്ടു പോകാൻ അനുവദിക്കില്ല. വനം വകുപ്പിൻറെ ബോട്ടും സർവീസ് നടത്തുന്നുണ്ട്. ഇത്തവണ ഒരാഴ്ച കൊണ്ട് അയ്യായിരത്തിലധികം പേർ അണക്കെട്ട് സന്ദർശിച്ചു. അണക്കെട്ടുകൾക്ക് സമീപത്തെ ഹിൽവ്യൂ പാർക്ക് കാണാനും സഞ്ചാരികളുടെ തിരക്കനുഭവപ്പെടുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam