
തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഇടുക്കി ജില്ലയില്‍ ആരംഭിക്കുന്നു. ഇടുക്കി വികസന പാക്കേജില്‍ അനുവദിച്ച 10 കോടി രൂപ ഉപയോഗപ്പെടുത്തി ഇടുക്കി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ഭാഗമായുള്ള ആശുപത്രി ഒ.പി.ഡി. കോംപ്ലക്‌സിന്റെ ശിലാ സ്ഥാപനവും ഉടുമ്പഞ്ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുതരുന്ന കമ്മ്യൂണിറ്റി ഹാളില്‍ ഒ.പി. വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റേയും നാഷണല്‍ ആയുഷ് മിഷന്റെ 66 നിര്‍മ്മാണ പ്രവൃത്തികളുടെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി പൂര്‍ത്തിയാക്കിയ 7 നിര്‍മ്മാണ പ്രവൃത്തികളുടെയും ഉദ്ഘാടനം ഒക്ടോബര്‍ 26ന് ഞായറാഴ്ച ഉച്ചക്കുശേഷം 2.30ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ എം.എല്‍.എ. എം.എം. മണി അദ്ധ്യക്ഷത വഹിക്കും. എം.പി. ഡീന്‍ കുര്യാക്കോസ് മുഖ്യാതിഥി ആയിരിക്കും.
പുതിയ ആയുര്‍വേദ കോളേജ് ആശുപത്രി നിര്‍മ്മിക്കുന്നതിനുള്ള ശിലാസ്ഥാപനം നടക്കുന്ന ദിവസം തന്നെ ആശുപത്രിയുടെ ഭാഗമായുള്ള ഒ.പി സേവനങ്ങളും ആരംഭിക്കുകയാണ്. ആദ്യഘട്ടത്തില്‍ 'പ്രസൂതിതന്ത്ര- സ്ത്രീരോഗ ചികിത്സ, ശല്യതന്ത്ര ഓര്‍ത്തോപീഡിക്‌സ്, കായ ചികിത്സ ജനറല്‍ മെഡിസിന്‍' എന്നീ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ എല്ലാ സ്‌പെഷ്യാലിറ്റികളും ഉണ്ടാവുന്നതാണ്. വിവിധ ജില്ലകളിലായി മൊത്തം 73 നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam