എസ്ഐയുടെ ആത്മഹത്യ: കാരണം കടുത്ത ജോലി സമ്മർദ്ദവും തൊഴിൽ പീഡനവുമെന്ന് സഹോദരൻ

By Web TeamFirst Published Dec 5, 2019, 8:56 AM IST
Highlights

അമ്മയ്ക്ക് വയ്യാതായപ്പോൾ പോലും ലീവ് കൊടുത്തിരുന്നില്ല. സഹപ്രവർത്തകർ കാരണം കാന്റീൻ നടത്തിപ്പിൽ വലിയ നഷ്ടം ഉണ്ടായി. പൊലീസ് അക്കാദമിയിൽ തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമം ഉണ്ടായിരുന്നതായി അനിൽകുമാര്‍ പറഞ്ഞിരുന്നെന്നും സഹോദരൻ. 

ഇടുക്കി: ഇടുക്കി വാഴവരയിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ തൃശ്ശൂർ പൊലീസ് അക്കാദമിയിലെ എസ്ഐ അനിൽകുമാറിന് കടുത്ത ജോലി സമ്മർദ്ദം ഉണ്ടായിരുന്നെന്ന് സഹോദരൻ സുരേഷ് കുമാർ. അനിൽകുമാറിന് കൃത്യമായി അവധി പോലും കിട്ടിയിരുന്നില്ലെന്ന് സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അമ്മയ്ക്ക് വയ്യാതായപ്പോൾ പോലും ലീവ് കൊടുത്തിരുന്നില്ല. സഹപ്രവർത്തകർ കാരണം കാന്റീൻ നടത്തിപ്പിൽ വലിയ നഷ്ടം ഉണ്ടായി. പൊലീസ് അക്കാദമിയിൽ തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമം ഉണ്ടായിരുന്നതായി അനിൽകുമാര്‍ പറഞ്ഞിരുന്നെന്നും സുരേഷ് പറഞ്ഞു. 

വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിയെ സമീപിക്കുമെന്നും സുരേഷ് കുമാർ കൂട്ടിച്ചേര്‍ത്തു. അനിൽ കുമാറിന്റെ ആത്മഹത്യാകുറിപ്പിൽ സഹപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. തൃശ്ശൂർ പൊലീസ് അക്കാദമിയിലെ എഎസ്ഐ രാധാകൃഷ്ണൻ ഉൾപ്പടെയുള്ളവരുടെ മാനസികപീഡനം സഹിക്കാൻ വയ്യാതെയാണ് മരിക്കുന്നതെന്ന് അനിൽകുമാർ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലുണ്ട്. എഎസ്ഐ രാധാകൃഷ്ണൻ നടത്തിയ സാമ്പത്തിക തിരിമറികൾ അന്വേഷിക്കണമെന്നും കത്തിൽ എസ്ഐ അനിൽകുമാർ എഴുതുന്നു. 

ബുധനാഴ്ച ഉച്ചക്കാണ് എസ്ഐ അനിൽകുമാറിനെ വാഴവരയിലെ വീട്ടുവളപ്പിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി ഭാരവും സഹപ്രവർത്തകരുടെ മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പ് ഇതിന് പിന്നാലെ കണ്ടെടുത്തു. വർഷങ്ങളായി അക്കാദമിയിലാണ് അനിൽകുമാർ ജോലി ചെയ്യുന്നത്. ഇവിടത്തെ ക്യാന്‍റീൻ അനിൽകുമാറിന്‍റെ മേൽനോട്ടത്തിലാണ് കുറച്ച് കാലമായി നടന്നുവരുന്നത്. ഇതിന്‍റെ ഭാരം താങ്ങാനാകുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. മാത്രമല്ല, എഎസ്ഐ രാധാകൃഷ്ണൻ ഇതിനിടെ വല്ലാതെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

രാധാകൃഷ്ണൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ഈ പണം തിരിമറി നടത്തിയതിൽ അന്വേഷണം വേണമെന്നും കുറിപ്പിൽ അനിൽകുമാർ ആവശ്യപ്പെടുന്നു. സാമ്പത്തികപ്രശ്നങ്ങൾ മൂലമാണ് എസ്ഐ ആത്മഹത്യ ചെയ്തത് എന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. സഹപ്രവർത്തകരുടെ പീഡനം എന്ന് കാണിച്ചുള്ള ആത്മഹത്യാക്കുറിപ്പ് അടക്കം പുറത്ത് വന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാൽ, അന്വേഷണം ഇതുവരെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടില്ല. ഉത്തരവ് കിട്ടിയാൽ ഇന്ന് തന്നെ അന്വേഷണം തുടങ്ങുമെന്ന് ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

click me!