
തിരുവനന്തപുരം: കേരള സർവ്വകലാശാല ഹോസ്റ്റൽ സ്ഥിരം താവളമാക്കുന്ന മുൻ എസ്എഫ്ഐ നേതാക്കൾ അടക്കമുള്ളവരെ പുറത്താക്കാൻ നിർദ്ദേശം. കോളേജ് വിദ്യാഭ്യാസ ഡയറക്ടറാണ് വാർഡന് നിർദ്ദേശം നൽകിയത്. യൂണിയൻ ചെയർമാനായിരുന്ന മുൻ എസ്എഫ്ഐ നേതാവ് മഹേഷ് ഹോസ്റ്റലിൽ കെഎസ്‍യു പ്രവർത്തകനെ മർദ്ദിച്ചതിൻറെ പശ്ചാത്തലത്തിലാണ് നടപടി.
ഏട്ടപ്പൻ എന്ന വിളിപ്പേരുള്ള മഹേഷ് ഹോസ്റ്റലിൽ കെഎസ്‍യു പ്രവർത്തകൻ നിധിൻരാജിനെതിരെ കൊലവിളി നടത്തിയത് വിവാദമായിരുന്നു. ഭീഷണിക്ക് പിന്നാലെ നിധിന് മർദ്ദനവുമേറ്റു. നിധിൻറെ സർട്ടിഫിക്കറ്റുകൾ കത്തിക്കുകയും ചെയ്തു. യൂണിവേഴ്സിറ്റി കോളേജ് ചെയർമാനായിരുന്ന മഹേഷ് 12 വർഷമായി ഹോസ്റ്റലിലാണ് താമസം.
ഹോസ്റ്റലിലെയും കോളേജിലെയും കാര്യങ്ങളൊക്ക നിയന്ത്രിക്കുന്നത് മഹേഷ് അടക്കമുള്ള മുൻനേതാക്കളാണെന്ന ആക്ഷേപം നേരത്തെ ശക്തമാണ്. അതേസമയം, മഹേഷ് ഇടക്ക് ഹോസ്റ്റലിൽ വരുന്നുണ്ടെന്ന് മാത്രമാണ് വാർഡൻ ഡയറക്ടർക്ക് കൊടുത്ത റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ 313 വിദ്യാർത്ഥികളാണ് സ്ഥിരതാമസക്കാരെന്നും റിപ്പോർട്ടിലുണ്ട്.
പഠനം തീർന്നിട്ടും ഹോസ്റ്റൽ താവളമാക്കുന്നവരെ പുറത്താക്കണമെന്നാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. കെഎസ് യു പ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിനും മർദ്ദിച്ചതിനും കേസെടുത്തെങ്കിലും മഹേഷിനെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല.
കെഎസ്‍യു നേതാക്കളെയും പ്രവർത്തകരെയും മർദ്ദിച്ച കേസിലെ പ്രതികളായ എസ്എഫ്ഐക്കാരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെഎസ് യു യൂണിവേഴ്സിറ്റി കോളേജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam