
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിന്റെ ജാമ്യം തള്ളിയ കോടതി വിധിയിൽ സുപ്രധാന നിരീക്ഷണങ്ങൾ. പരാതിക്കാരിയെ വീഡിയോയിലൂടെ ലൈംഗികമായി അതിക്ഷേപിച്ചിട്ടില്ലെന്ന വാദം നിലനിൽക്കില്ലെന്നും ഏതെങ്കിലും ഒരു വാക്കോ വാചകമോ എടുത്ത് മാത്രമല്ല ഇക്കാര്യം പരിഗണിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. വീഡിയോയുടെ മൊത്തം സ്വഭാവം കണക്കിലെടുത്ത് പരിശോധിക്കുമ്പോൾ, പരാതിക്കാരിയെ പോസ്റ്റിലൂടെ അവഹേളിച്ചുവെന്നത് പ്രഥമ ദൃഷ്ട്യാ വ്യക്തമാണ്. പ്രതിയെ ജാമ്യത്തിൽ വിട്ടാലും കുറ്റം ആവർത്തിക്കുമെന്ന വാദത്തിൽ കഴമ്പുണ്ട്. കസ്റ്റഡിയിൽ കഴിയുമ്പോഴും പ്രതിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ സമാനമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. അതിനാൽ ഇതൊരു സ്ഥിരം സംവിധാനമാണെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.
നിരാഹാരം കിടക്കുന്നത് കൊണ്ട് ജാമ്യം നൽകണമെന്ന രാഹുലിന്റെ ആവശ്യവും കോടതി തള്ളി. നിരാഹാരം കിടക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഇത് പൊലീസിനെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഇത് അനുവദിച്ചാൽ മറ്റു തടവുകാരും ഇതാവർത്തിക്കും. രാഹുലിന്റെ പ്രവർത്തി സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യഘാതവും കണക്കിലെടുക്കണമെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യത്തിൽ വിട്ടാൽ കുറ്റകൃത്യം ആവർത്തിക്കും. തെളിവുകൾ നശിപ്പിക്കാനും സാധ്യത ഉണ്ട്. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ പ്രതി ജയിലിൽ തന്നെ കിടക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി രാഹുൽ ഈശ്വറിന്റെ ജാമ്യം നിഷേധിച്ചത്.
അതിജീവിതയെ അപമാനിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ നിരാഹാര സമരം നടത്തിവന്ന ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ സമരം അവസാനിപ്പിച്ചു. ജാമ്യാപേക്ഷ കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് രാഹുൽ ഈശ്വർ നിരാഹാരത്തിൽ നിന്ന് പിന്മാറിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സെല്ലിൽ ചികിത്സയിൽ കഴിയുന്ന രാഹുൽ ഈശ്വർ ഇന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് വിശക്കുന്നുവെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥർ വാങ്ങി നൽകിയ മൂന്ന് ദോശയും ചമ്മന്തിയും കഴിച്ചുകൊണ്ടാണ് അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചത്. അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കാമെന്ന് നേരത്തെ കോടതിയിൽ അറിയിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിക്കപ്പെട്ടത് അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. അറസ്റ്റിലായതിന് പിന്നാലെ പ്രതിഷേധ സൂചകമായി ഇദ്ദേഹം ജയിലിൽ നിരാഹാരം തുടങ്ങിയിരുന്നു. എന്നാൽ, ഇന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ രാഹുൽ ഈശ്വർ സമരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam