
മലപ്പുറം: നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കുറത്തിയാർ പൊയിൽ സ്വദേശി മുഹമ്മദ് ഷാഹുൽ, പുളിക്കലോടി സ്വദേശികളായ സുബൈർ ബാബു, മുഹമ്മദ് നിയാസ് എന്നിവരാണ് പിടിയിലായത്. ഈ മാസം ഒന്നിന് പുലർച്ചെയാണ് പ്രതികൾ കാർ കത്തിച്ചത്. വീടിന് സമീപം വെച്ച് ബൈക്കിൽ വന്ന് നിരന്തരം ഹോണടിച്ച് ശല്യമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.
ഡിസംബർ ഒന്നിന് പുലർച്ചെ ഒന്നരയോടെയാണ് കാര്‍ കത്തിച്ചത്. തലേന്ന് ബാറിൽ നിന്ന് മദ്യം വാങ്ങി പോകുകയായിരുന്ന മൂന്ന് പേർ ഈ വീടിന് മുന്നിൽ വെച്ച് ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാർ ചോദ്യം ചെയ്തതോടെ ഇവര്‍ ക്ഷുഭിതരായി. ഗേറ്റ് തുറന്ന് വീടിൻ്റെ മുറ്റത്ത് എത്തിയ സംഘം മുറ്റത്ത് നിർത്തിയിട്ട കാറിന് മുകളിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയും പ്ലാസ്റ്റിക് കവറുകളിൽ കൊണ്ടുവന്ന പെട്രോൾ ഉപയോഗിച്ച് മറ്റു രണ്ടു കാറുകൾ കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കാർ കത്തുന്നത് കണ്ടത്. ഉടൻ തന്നെ തീ അണച്ചു. കത്തിച്ച കാറിൽ ടാങ്ക് നിറയെ പെട്രോൾ ഉണ്ടായിരുന്നു. തീ പടർന്നിരുന്നെങ്കിൽ കാർ കത്തി പൊട്ടിത്തെറിക്കാനും വീട്ടിലേക്ക് വ്യാപിക്കാനും ഇടയാകുമായിരുന്നു. അക്രമം നടത്തിയവർ കാർ കത്തിക്കുമ്പോൾ മുഖം മറച്ചിരുന്നു. എന്നാൽ മുഖം മറക്കാതെയാണ് പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയത്. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യത്തിൽ നിന്നാണ് പ്രതികളുടെ മുഖം തിരിച്ചറിഞ്ഞത്. ഇതോടെ അന്വേഷണം യുവാക്കളിലേക്കെത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam