ഫാത്തിമയുടെ മരണം: കേന്ദ്രസർക്കാർ ഇടപെടുന്നു; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ചെന്നൈയിലേക്ക്

By Web TeamFirst Published Nov 16, 2019, 4:49 PM IST
Highlights
  • വിഷയത്തിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാലുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി
  • ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ സുബ്രഹ്മണ്യം ചെന്നൈയിൽ നേരിട്ടെത്തി അന്വേഷിച്ച ശേഷം റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറും

ദില്ലി: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.

വിഷയത്തിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാലുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി. ആത്മഹത്യയിൽ ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് മുരളീധരൻ പറഞ്ഞു. ഇതിനായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ സുബ്രഹ്മണ്യം നാളെ ചെന്നൈയിലെത്തും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ കേന്ദ്രത്തിന് റിപ്പോർട്ട് നൽകാനാണ് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി രാംദാസ് അത്തെവാലെയും രംഗത്ത് വന്നിരുന്നു. ഇക്കാര്യം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.  കേസിൽ ആരോപണ വിധേയനായ മദ്രാസ് ഐഐടി അധ്യാപകന്‍ സുദർശൻ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്ന് തമിഴ്‌നാട് ക്രൈംബ്രാഞ്ച് നിർദേശം നൽകിയിരിക്കുകയാണ്. ക്യാമ്പസിൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സുദർശൻ പത്മനാഭനെ ഉടൻ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം.  

ഇതിനിടെ ഫാത്തിമയുടെ പിതാവിന്‍റേയും ബന്ധുക്കളുടെയും മൊഴി എടുക്കുന്നത് പൂർത്തിയായി. ക്രൈംബ്രാഞ്ച് അഡീഷണൽ കമ്മീഷണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്. കേസിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ഈശ്വരമൂർത്തി പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട്, നിര്‍ണായകമായ തെളിവുകള്‍ ഫാത്തിമയുടെ കുടുംബം അന്വേഷണസംഘത്തിന് കൈമാറി.

click me!