
കൊച്ചി: എറണാകുളം ഭൂതത്താൻ കെട്ടിൽ വനഭൂമികളെ ബന്ധിപ്പിച്ച് അനധികൃമായി പണിത കൂറ്റൻ ബണ്ട് പൊളിച്ചുനീക്കാനുള്ള നിർദ്ദേശത്തിന് പിന്നാലെ പൊളിക്കല്‍ നടപടി തുടങ്ങി. ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്ന് പരിശോധന നടത്തിയ കോതമംഗലം തഹസിൽദാർ റേച്ചൽ വർഗീസാണ് പെരിയാർ വാലി ഇറിഗേഷൻ ഉദ്യോഗസ്ഥരോട് ഇക്കാര്യം ആവശ്യപ്പെട്ടത്. രണ്ട് ദിവസത്തിനുളളിൽ പൊളിച്ചു നീക്കാമെന്ന് ബണ്ട് പണിതവർ തന്നെ ഉറപ്പ് നൽകിയതായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്.
പെരിയാർ വാലി കനാലിനുകുറുകേ വനത്തിനുളളിൽ അനധികൃതമായി ബണ്ട് പണിതെന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നതോടെയാണ് എറണാകുളം ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചത്. കോതമംഗലം തഹസിൽദാരെ പ്രാഥമികാന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു. സ്ഥല പരിശോധനയിൽ ബണ്ട് നിർമാണം അനധികൃതമെന്ന് ബോധ്യപ്പെട്ടതായി തഹസിൽദാർ അറിയിച്ചു. വനഭൂമികളെ ബന്ധിച്ച് അനുവാദമില്ലാതെ സർക്കാർ ഭൂമിയിലൂടെ നിർമിച്ച തടയണ പൊളിക്കേണ്ടതുതന്നെയാണ്. ഇക്കാര്യം ജില്ലാ ഭരണകൂടത്തെയും അറിയിക്കുമെന്ന് തഹസിൽദാർ പറഞ്ഞു.
ഏകദേശം അമ്പത് മീറ്റർ നീളത്തിലും അഞ്ച് മീറ്റർ വീതിയിലുമാണ് ബണ്ട് പണിതതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. ബണ്ട് നീക്കണമെന്നാവശ്യപ്പെട്ട് നാല് സ്വകാര്യ വ്യക്തികൾക്ക് നോട്ടീസ് നൽകിയതായി പെരിയാർ വാലി ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ബണ്ട് നിർമാണം ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ പെരിയാർ വാലി ഉദ്യോഗസ്ഥരെ അറിയിച്ചെന്നും അവർ തുടർ നടപടിയെടുത്തില്ലെന്നുമാണ് വനം വകുപ്പിന്‍റെ ആക്ഷേപം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam