
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനെ ആറ് മണിക്കൂർ ചോദ്യം ചെയ്ത് വിജിലൻസ്. ആഢംബര വീട് നിര്‍മാണം, കള്ളക്കടത്ത് സ്വർണം തിരിമറി, മലപ്പുറം എസ്പിയുടെ വസതിയിലെ മരംമുറി ഉള്‍പ്പെടെയുള്ള പരാതികളിലാണ് അന്വേഷണം. രണ്ടാഴ്ചക്കുള്ളിൽ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിക്കും. വിജിലൻസ് എസ് പി കെ എൽ ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
പി വി അന്‍വർ നല്‍കിയ പരാതിയിലാണ് അന്വേഷണം. തന്‍റെ വാദം തെളിയിക്കാനുള്ള രേഖകൾ അജിത് കുമാർ കൈമാറി. അന്വേഷണ റിപ്പോർട്ട് ഡിസംബർ പകുതിയോടെ തയ്യാറാക്കും. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ അജിത്കുമാറിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യും.
വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് നടന്നു കയറിയ എഡിജിപി എം ആർ അജിത് കുമാറിനെതിരെ സര്‍ക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത് കഴിഞ്ഞ സെപ്റ്റംബറിലാണ്. എം ആർ അജിത് കുമാറിനെതിരെ പി വി അന്‍വർ എം എൽ എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിയിരുന്നു അന്വേഷണം.ആർ എസ് എസ് നേതാക്കളുമായുള്ള സ്വകാര്യക്കൂടിക്കാഴ്ച വിവാദം കത്തിനിൽക്കുമ്പോഴാണ് അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളും ഉയർന്നത്.
മലപ്പുറം മുൻ എസ് പി സുജിത് ദാസ്, മലപ്പുറത്തെ ഡാൻസാഫ് ടീം എന്നിവരും അന്വേഷണ പരിധിയിലുണ്ട്. കവടിയാറിൽ ആഡംബര ബംഗ്ലാവ് നിർമാണം, കുറവൻകോണത്ത് ചട്ടങ്ങൾ ലംഘിച്ച് ഫ്ലാറ്റ് വാങ്ങൽ, മലപ്പുറം എസ് പിയുടെ വസതിയിലെ മരം മുറിച്ച് കടത്തൽ, കള്ളക്കടത്ത് സ്വർണം മുക്കി എന്നിവയായിരുന്നു പ്രധാന ആരോപണങ്ങൾ. പി വി അന്‍വറിന്‍റെയും സാക്ഷികളുടെയും മൊഴി എടുത്ത ശേഷമായിരുന്നു ഒരാഴ്ച മുമ്പ് എഡിജിപി എം ആർ അജിത് കുമാറിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്തത്.
അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന വിജിലൻസ് എസ് പി കെ എൽ ജോണിക്കുട്ടി, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍, എന്നിവരാണ് അജിത് കുമാറിനെ ചോദ്യം ചെയ്തത്. പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യൽ ആറ് മണിക്കൂർ നീണ്ടു. തന്റെ വാദങ്ങൾ തെളിയിക്കുന്നതിനുള്ള രേഖകളും അജിത് കുമാർ അന്വേഷണ സംഘത്തിന് കൈമാറി.
ഈ മാസം പകുതിയോടെ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമര്‍പ്പിക്കാനാണ് തീരുമാനം. എന്നാൽ അന്വേഷണത്തിന്‍റെ പുരോഗതി എന്തെന്ന് വ്യക്തമാക്കാൻ അന്വേഷണ സംഘം തയ്യാറായില്ല. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ എം ആർ അജിത്കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam