അനധികൃത സ്വത്ത് സമ്പാദനം; വിഎസ് ശിവകുമാറിന്‍റെ കൂട്ടുപ്രതിക്ക് വിദേശത്ത് പണമിടപാടുണ്ടെന്ന് വിജിലൻസ്

By Web TeamFirst Published Feb 24, 2020, 7:35 PM IST
Highlights

രണ്ടാം പ്രതിയായ രാജേന്ദ്രന്‍റെ ശാന്തിവിളയിലെ വീട്ടിൽ റെയ്ഡിൽ 72 രേഖകളാണ് കണ്ടെത്തിയത്. രാജേന്ദ്രന് വിദേശത്ത് പണം ഇടപാടുണ്ടെന്ന് തെളിയിക്കുന്ന രേഖകളും കോടതിയിൽ നൽകിയിട്ടുണ്ട്.  

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വി എസ് ശിവകുമാറിന്‍റെ കൂട്ടുപ്രതിയായ രാജേന്ദ്രന് വിദേശത്ത് പണമിടപാടുണ്ടെന്ന് വിജിലൻസ്. രാജേന്ദ്രന്‍ 13 സ്ഥലങ്ങളിൽ ഭൂമി വാങ്ങിയതിന്‍റെ രേഖകള്‍ വിജിലൻസ് കണ്ടെത്തി. നാല് പ്രതികളുടെയും വീടുകളിൽ നടത്തിയ പരിശോധന റിപ്പോർട്ട് വിജിലൻസ് കോടതിയിൽ നൽകി.

വി എസ് ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ഡ്രൈവറുടെയും രണ്ട് സുഹൃത്തുക്കളുടെയും പേരിൽ സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസ് കേസ്. രണ്ടാം പ്രതിയായ രാജേന്ദ്രന്‍റെ ശാന്തിവിളയിലെ വീട്ടിൽ റെയ്ഡിൽ 72 രേഖകളാണ് കണ്ടെത്തിയത്. ഇതിൽ 13 സ്ഥലങ്ങളിൽ ഭൂമി വാങ്ങിയതിന്‍റെ രേഖകളും ആറ് പാസ്ബുക്കുകളും ഉൾപ്പെടുന്നു. രാജേന്ദ്രന് വിദേശത്ത് പണം ഇടപാടുണ്ടെന്ന് തെളിയിക്കുന്ന രേഖകളും കോടതിയിൽ നൽകിയിട്ടുണ്ട്.  

ശിവകുമാറിന്‍റെ വീട്ടിൽ നിന്നും ഭൂമി ഇടപാട്, ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ 56 രേഖകള്‍ ലഭിച്ചുവെന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചു. മൂന്നാം പ്രതിയായ ഡ്രൈവർ ഷൈജു ഹരന്‍റെ വീട്ടിൽ നിന്നും 15 രേഖകളാണ് കണ്ടെത്തിയത്. നാലാം പ്രതിയായ ഹരികുമാറിന്‍റെ മൂന്ന് വീട്ടിൽ നടത്തിയ റെയ്ഡിൽ 25 രേഖകളും ലഭിച്ചുവെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. വിജിലൻസ് സ്പെഷ്യൽ സെൽ എസ്പി വി എസ് അജിയാണ് റിപ്പോർട്ട് നൽകിയത്. സ്വത്ത് സമ്പാദനം അന്വേഷിക്കാൻ പത്തംഗ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

click me!