വല്ലാർപാടം ദ്വീപിൽ കായൽ നികത്തൽ; റിംഗ് റോഡ് നിർമ്മാണത്തിന്‍റെ മറവിൽ മാലിന്യ നിക്ഷേപവും

By Web TeamFirst Published May 11, 2019, 12:39 PM IST
Highlights

ടൺ കണക്കിന് പ്ലാസ്റ്റിക്കും റബ്ബർ മാലിന്യങ്ങളും മണ്ണും കൊണ്ടുവന്നിട്ട് വേമ്പനാട് കായലിന്‍റെ കിലോമീറ്ററുകളോളം ദൂരം നികത്തി റോഡാക്കി മാറ്റിയിരിക്കുകയാണ്.

കൊച്ചി: കൊച്ചി വല്ലാർപാടം ദ്വീപിൽ കിലോമീറ്ററുകളോളം കായൽ നികത്തുന്നു. തീരദേശപരിപാലന ചട്ടങ്ങൾ ലംഘിച്ചാണ് റോഡ് നിർമ്മാണം അടക്കമുള്ളവ തകൃതിയായി തുടരുന്നത്. റവന്യൂ ഉദ്യോഗസ്ഥർ അടക്കമുള്ളവർ റിപ്പോർട്ട് നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

വല്ലാർപാടം ദ്വീപിന് ചുറ്റും റിംഗ് റോഡ് എന്നപേരിലാണ് നി‌‌‌ർമ്മാണം നടക്കുന്നത്. എന്നാൽ മുളവുകാ‍ട് പഞ്ചായത്ത് ഇങ്ങനെയൊരു റോഡ് നിർമ്മിക്കുന്നതിന് അനുമതി നൽകിയിട്ടില്ല എന്നതാണ് വാസ്തവം.

ടൺ കണക്കിന് പ്ലാസ്റ്റിക്കും റബ്ബർ മാലിന്യങ്ങളും മണ്ണും കൊണ്ടുവന്നിട്ട് വേമ്പനാട് കായലിന്‍റെ കിലോമീറ്ററുകളോളം ദൂരം നികത്തി റോഡാക്കി മാറ്റിയിരിക്കുകയാണ്. കൊച്ചിൻ പോർട്ട് ട്രസ്റ്റാണ് കായൽ നികത്തൽ മുളവുകാട് പഞ്ചായത്തിന്‍റെ ശ്രദ്ധയിലേക്ക് ആദ്യം കൊണ്ടുവന്നത്. പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ളവർ സ്ഥലത്തെത്തി കയ്യേറ്റം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. തുട‌‌ർന്ന് കളക്ടർക്കും ലാൻഡ് റവന്യൂ ഡിവിഷനും റിപ്പോർട്ടുകൾ നൽകി. 

മാലിന്യനിക്ഷേപത്തിന് പൊലീസിലും പരാതിനൽകിയെങ്കിലും നടപടികൾ അവിടെ അവസാനിച്ചു. വല്ലാർപാടം ദ്വീപിന് ചുറ്റും റിംഗ് ബണ്ട് റോഡ് ഉണ്ടാക്കുക വഴി തീരദേശപരിപാലന നിയമത്തിന്റെ പരിധി ഒഴിവാക്കാനാണ് ശ്രമം. സമീപവാസികളുടെ സഹകരണത്തോടെയാണ് ഈ കായൽ നികത്തൽ നടക്കുന്നത്. ആർക്കെതിരെ നടപടിയെടുക്കണമെന്ന് പഞ്ചായത്തിനും വ്യക്തതയില്ല.

തീരദേശപരിപാലനച്ചട്ടം ലംഘിച്ചതിന് 5 കെട്ടിടങ്ങൾ പൊളിക്കാൻ സുപ്രിംകോടതി ഉത്തരവിട്ട കൊച്ചി നഗരപരിധിയിൽ തന്നെയാണ് സംവിധാനങ്ങളുടെ മൗനാനുവാദത്തോടെ നടക്കുന്ന ഈ കായൽ നികത്തൽ.

click me!