പഞ്ചാബോ ഹരിയാനയോ പോലെ അതത് സംസ്ഥാനത്ത് തന്നെ ഫീഡ്സ് തയ്യാറാക്കാനുള്ള സാമഗ്രഹികൾ സാഹചര്യം കേരളത്തിലില്ല. എന്നിട്ടും തീറ്റയ്ക്ക് വില സംസ്ഥാനത്ത് കൂട്ടിയിട്ടില്ല

തിരുവനന്തപുരം: അഞ്ച് വർഷത്തിനിടയിൽ ഏറ്റവും അടിത്തട്ടിലുള്ള സാധാരണ കർഷകരെ സഹായിക്കാൻ സാധിച്ചുവെന്നതാണ് ഏറ്റവും അഭിമാനം നൽകുന്നതെന്ന് ക്ഷീര വികസന, മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര സംഘം മുഖേന പാൽ കറന്ന് മിൽമയിലേക്ക് എത്തിക്കുന്ന സാധാരണക്കാർക്ക് സേവനങ്ങൾ എത്തിക്കാൻ സാധിച്ചു. അവരെ സഹായിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്ത് നടപ്പിലാക്കിയത്. ഇന്ത്യയിൽ തന്നെ ക്ഷീര കർഷകർക്ക് പാലിന് ഏറ്റവും കൂടുതൽ വില നൽകുന്ന സംസ്ഥാനമാണ് കേരളം. പാൽ ഉൽപാദന രംഗത്ത് സ്വയം പര്യാപ്തതയുടെ ഏറ്റവുമടുത്താണ് കേരളമുള്ളത്. കേരളത്തിൽ എല്ലാവർക്കും വീടും ഭൂമിയുമുണ്ട്. എന്നാൽ കാർഷിക മേഖലയിലെ വികസനത്തിന് ആവശ്യമായ സ്ഥലം കിട്ടാനില്ലെന്നതാണ് കേരളത്തിൽ ക്ഷീര മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. പശുക്കളെ വളർത്തുന്നവർക്ക് ഏറ്റവും ആവശ്യമായത് പുല്ലാണ്. എന്നാൽ പുല്ല് വളർത്താൻ സ്ഥലം ലഭിക്കുന്നില്ല. തീറ്റച്ചെലവ് കൂടുന്നുവെന്നാണ് ക്ഷീര കർഷകർ സ്ഥിരം പരാതിപ്പെടുന്നത്. അതിനാൽ അന്യസംസ്ഥാനത്ത് നിന്ന് അവശ്യ സാധനങ്ങൾ എത്തിച്ചാണ് കേരള ഫീഡ്സും മിൽമയും ആവശ്യമുള്ള ഫീഡ് തയ്യാറാക്കുന്നത്. പഞ്ചാബോ ഹരിയാനയോ പോലെ അതത് സംസ്ഥാനത്ത് തന്നെ ഫീഡ്സ് തയ്യാറാക്കാനുള്ള സാമഗ്രഹികൾ സാഹചര്യം കേരളത്തിലില്ല. എന്നിട്ടും തീറ്റയ്ക്ക് വില സംസ്ഥാനത്ത് കൂട്ടിയിട്ടില്ല. 2019 മുതൽ ഒരേ വില തന്നെയാണ് തീറ്റയ്ക്ക് ഈടാക്കുന്നത്. ക്ഷീര കർഷകർക്ക് നിരവധി പദ്ധതികളാണ് കേരളത്തിൽ നിലവിലുള്ളത്. കന്നുകുട്ടി പരിപാലനം, ചെറിയ പശുക്കളെ വളർത്തി വലുതാക്കാനുള്ള പദ്ധതിയിൽ തീറ്റ സബ്സിഡി നിരക്കിൽ നൽകുന്നു. സഹകരണ ബാങ്ക്, കേരള ബാങ്കുമായി സഹകരിച്ച് ലോണുകൾ നൽകുന്നുണ്ട്. ഈ ലോണുകളുടെ പലിശ സർക്കാർ ആണ് അടക്കുന്നത്.

കേരളത്തിൽ പാലിന്റെ ആഭ്യന്തര ഉൽപാദനം കൂടുതലാണ്. നിലവിൽ നാല് ലക്ഷത്തിന്റെ കുറവാണ് മിൽമ നിലവിൽ നേരിടുന്നത്. സഹകരണ ആക്ട് പ്രകാരം കർണാടകയുമായി സഹകരിച്ചാണ് കേരളത്തിലേക്ക് പാൽ എത്തുന്നത്. എറണാകുളം, തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, അടക്കമുള്ള മേഖലകളിലാണ് മിൽമയ്ക്ക് പാൽ ഉൽപാദനം കുറവുള്ളത്. എന്നാൽ മലബാർ മേഖലയിൽ ആവശ്യത്തിന് പാൽ ലഭിക്കുന്നുണ്ട്. മലപ്പുറത്ത് 32 കോടി ചെലവിൽ പാൽപ്പൊടി നിർമ്മാണ യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിലെ പാൽ ഉൽപാദനം സംബന്ധിച്ച് സർവേ എടുക്കുന്നുണ്ട്. മലബാർ മേഖലയിൽ മാത്രം മിൽമയുടെ ലാഭം 102 കോടി രൂപയാണ്. എറണാകുളത്ത് 73 കോടിയും, തിരുവന്തപുരത്ത് 33 കോടി രൂപയുമാണ്. ചോളത്തിന്റെ തണ്ട് എടുത്ത് നിർമ്മിക്കുന്ന പ്രത്യേക തീറ്റയാണ് 2 രൂപ സബ്സിഡിയിൽ കർഷകർക്ക് നൽകുന്നത്.

മലയാളികൾ എല്ലാവരും തന്നെ മിൽമ പാൽ ഉപയോഗിക്കുന്നവരാണ്. മറ്റ് സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ കേരളത്തിൽ ലഭ്യമാണ് എന്നാൽ നന്ദിനി പോലുള്ള മറ്റ് സംസ്ഥാനത്തെ പാൽ കുറവാണ്. അത് സർക്കാരിന്റെ ഇടപെടലിനേ തുടർന്നുള്ളതാണ്. മിൽമയിൽ പാൽ നൽകുന്ന എല്ലാ ക്ഷീര കർഷകർക്കും ലാഭ വിഹിതം നൽകുന്നുണ്ട്. മിൽമയ്ക്ക് പാൽ വില വർദ്ധിപ്പിക്കുന്നതിൽ തടസവും സർക്കാർ മുന്നോട്ട് വച്ചിട്ടുമില്ല. മിൽമ ആറ് രൂപ വർദ്ധിപ്പിച്ചപ്പോൾ അതിൽ അഞ്ചേ കാൽ രൂപയും ക്ഷീര കർഷകർക്കാണ് ലഭിച്ചത്. മിൽമ നിലവിൽ കുപ്പി പാലും ആവശ്യക്കാർക്ക് നൽകുന്നുണ്ട്. പക്ഷിപ്പനിയും കുളമ്പ് രോഗവും തുടച്ച് നീക്കിയെന്ന് കേരളത്തിന് അവകാശ വാദമില്ല. കേരളത്തിൽ പശുക്കളെ വാങ്ങുന്നത് സംസ്ഥാനത്തിന് പുറത്ത് നിന്നാണ്. സബ്സിഡി നിരക്കിൽ പശുക്കളെ വാങ്ങുന്നത് സംസ്ഥാനത്തിന് പുറത്ത് നിന്ന് വേണമെന്ന് മുൻസർക്കാരാണ് തീരുമാനിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്ന പശുക്കളിൽ രോഗം ഉറപ്പാണ്. പ്രതിരോധ പ്രവർത്തനം സംസ്ഥാനത്ത് കൃത്യമായി നടക്കുന്നുണ്ട്. പക്ഷിപ്പനിയേ തുടർന്ന് രണ്ട് വർഷത്തോളം താറാവുകളേയും കോഴികളേയുമാണ് കഴിഞ്ഞ വർഷം കരിച്ച് കളഞ്ഞത്. കർഷകർക്ക് നഷ്ടപരിഹാരവും നൽകി. എന്നാൽ നഷ്ടപരിഹാരത്തിന് കേന്ദ്ര വിഹിതം ലഭിച്ചിട്ടില്ല. എന്നിട്ടും സംസ്ഥാനം നഷ്ടപരിഹാര തുക പൂർണമായി നൽകി. നവംബർ, ഡിസംബർ മാസങ്ങളിൽ ദേശാടന പക്ഷികൾ കൂട്ടമായി വരുമ്പോഴാണ് പക്ഷിപ്പനി പടർന്ന് പിടിച്ചത്. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും പക്ഷിപ്പനിക്ക് മരുന്ന് കണ്ടെത്തിയിട്ടില്ല. സംസ്ഥാനത്തിന് പുറത്ത് പന്നിപ്പനിയുണ്ടാവുന്ന സമയത്ത് സംസ്ഥാനത്തിന് പുറത്ത് നിന്ന് വലിയ രീതിയിൽ പന്നികളെ കേരളത്തിലേക്ക് അയയ്ക്കും. വലിയ വിലക്കുറവിലാണ് പന്നികളെ വിൽക്കുന്നത്. ആരും അറിയില്ല, ഇവയ്ക്ക് പന്നിപ്പനിയാണെന്ന്. ഇതിനേയും സംസ്ഥാന സർക്കാർ തന്നെയാണ് സംസ്കരിക്കുന്നത്.

YouTube video player

കോഴി വില വർദ്ധിക്കുന്നത് പുറത്ത് നിന്നുള്ള ലോബിയാണ്. അതിൽ ഇടപെടാൻ സർക്കാരിന് സാധിക്കില്ല. കർഷകർ പരാതി പറയാറുണ്ട്. തെരുവുനായ പ്രശ്നത്തിൽ കേരളം കോടതി വിധിയേയും കേന്ദ്രത്തേയും ആശ്രയിക്കുന്നില്ല. സംസ്ഥാനത്ത് എല്ലായിടത്തും എബിസി സെന്ററുകൾ ഉണ്ട്. പുതിയ എബിസി കേന്ദ്രങ്ങൾ ആരംഭിക്കാൻ ചെല്ലുമ്പോൾ നാട്ടുകാരിൽ നിന്ന് വലിയ രീതിയിലെ പ്രതിഷേധമാണ് നേരിടുന്നത്. ചില ജില്ലകളിൽ ഒരു ദിവസം 20 തെരുവുനായകളെ വരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നുണ്ട്. കൂടുതൽ പോർട്ടബിൾ എബിസി സെന്റർ സ്ഥാപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നെടുമങ്ങാടാണ് നിലവിൽ പോർട്ടബിൾ എബിസി സെന്റർ സ്ഥാപിച്ചിട്ടുള്ളത്. പ്രാദേശിക എതിർപ്പുകളെ ഇത്തരത്തിൽ മറികടക്കാൻ ശ്രമിക്കുന്നുണ്ട്.

കന്നുകുട്ടികളെ വളർത്തിയെടുക്കുന്ന 25 കേന്ദ്രമാണ് നിലവിൽ കേരളത്തിലുള്ളത്. പതിനഞ്ച് ലക്ഷം രൂപയാണ് ഇത്തരത്തിൽ 40 പശുക്കുട്ടികളെ വളർത്തുന്നതിന് നൽകുന്നത്. ഇത്തരം പദ്ധതികൾക്കെല്ലാം ഉപകാരിയാവുന്നത് കിഫ്ബിയാണ്. കോടികളാണ് കിഫ്ബി കേരളത്തിൽ ചെലവിടുന്നത്. കേരളത്തിലെ പശ്ചാത്തല മേഖലയിൽ വലിയ മാറ്റമാണ് കിഫ്ബി കൊണ്ടുവന്നത്. കെട്ടിടങ്ങളും ആശുപത്രികളും ഒക്കെ ഇത്തരത്തിലുണ്ടായിട്ടുണ്ട്. കേന്ദ്രം പണം തന്നില്ലെങ്കിലും കിഫ്ബിയും സംസ്ഥാനത്തെ തനത് ഫണ്ടുമാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ. തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൃഗങ്ങളെ കൊണ്ടുവരുന്നുണ്ട്. നിലവിൽ പക്ഷികൾ കുറേയുണ്ട്. ജിറാഫിനെ കൊണ്ടുവരാനുള്ള ശ്രമം ഊർജ്ജിതമാണെന്നും ക്ഷീര വികസന, മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം