
ഇടുക്കി: ഇടുക്കിയിൽ സിഎച്ച്ആർ മേഖലയിൽ നിന്ന് മരംവെട്ടി കടത്തിയ സംഭവത്തിൽ സിപിഐ നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു. സിപിഐ നേതാവും കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി ആർ ശശി ഉൾപ്പടെയുള്ളവരെയാണ് കേസില് പ്രതി ചേർത്തത്. അഞ്ച് ടൺ മരങ്ങള്‍ അനധികൃതമായി വെട്ടിക്കടത്തിയെന്നാണ് കേസ്. മരംവെട്ടിന്റെ വാർത്ത പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു.
വി ആർ ശശി, സ്ഥലമുടമ മോഹനൻ, മരംവെട്ടിയ സുധീഷ് എന്നിവർക്കെതിരെയാണ് കേസ്. വി ആർ ശശിയുടെ ഏലം സ്റ്റോറിലെ ആവശ്യത്തിനായിരുന്നു മരം വെട്ടിയത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഏലമലക്കാടുകളിൽ നിന്ന് മരംവെട്ടുന്നതിന് മുൻകൂർ അനുമതി വേണം. എന്നാൽ അനുമതിയില്ലാതെ ചോരക്കാലി, കാട്ടുപത്രി തുടങ്ങിയ മരങ്ങൾ വെട്ടുകയായിരുന്നു. അനധികൃതമായി വെട്ടിയ തടി വെള്ളിലാംകണ്ടത്ത് ഒളിപ്പിച്ചുവച്ചത് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. സംഭവത്തിൽ അന്ന് കേസെടുത്തെങ്കിലും ആരെയും പ്രതി ചേർക്കാതെ വനംവകുപ്പ് ഒത്തുകളിച്ചതും ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കി.
പിന്നാലെ പ്രതികൾക്കെതിരെ കേസെടുക്കുകയായിരുന്നു. കുമളി സെക്ഷൻ ഫോറസ്റ്റ് ഓഫീസറാണ് കേസെടുത്തിരിക്കുന്നത്. മരംമുറിച്ചവരെയും പണി ആയുധങ്ങളും തടി കടത്താൻ ഉപയോഗിച്ച വണ്ടിയും കണ്ടെത്തേണ്ടതുണ്ടെന്നും ഇതിനുള്ള അന്വേഷണം തുടരുകയാണെന്നുമാണ് വനംവകുപ്പ് പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam