
തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് ലോക്സഭയില്‍ പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് വൈകുന്നേരം മുതല്‍ നിരാഹാരസമരം ആരംഭിക്കും. രാജ്യവ്യാപകമായാണ് സമരം. രാജ്ഭവനുകള്‍ക്ക് മുമ്പിലാണ് വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരം നടത്തുക.
മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരം ആരംഭിക്കുന്നത്. സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് ഐഎംഎ അറിയിച്ചു. അനിശ്ചിതകാല സമരം നടത്താന്‍ മടിക്കില്ലെന്നും ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.
ബില്ല് പാസാക്കിയതിനെതിരെ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടരുകയാണ്. അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും സമരത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിക്ക് തുടങ്ങിയ സമരം വ്യാഴാഴ്ച ആറ് മണി വരെ തുടരും.
എംബിബിഎസ് അടിസ്ഥാന യോഗ്യത ഇല്ലാതെ തന്നെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അലോപ്പതി ചികിത്സക്ക് അനുമതി നല്കുന്നതാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരുടെ എണ്ണത്തിന്‍റെ 30 ശതമാനം പേര്‍ക്കാണ് അതിനുള്ള അനുമതി കിട്ടുക. നിയമം വന്നാല്‍, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന എംബിബിഎസ് യോഗ്യത ഇല്ലാത്ത മൂന്നരലക്ഷം പേര്‍ക്ക് കൂടി ചികിത്സക്ക് അനുമതി കിട്ടും.
എംബിബിഎസിന്‍റെ അവസാന വര്‍ഷ പരീക്ഷ പിജി പ്രവേശനത്തിനുള്ള മാനദണ്ഡമാക്കുമെന്നതാണ് മറ്റൊരു തീരുമാനം. ഇതോടെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തിന്‍റെ ഗുണമേന്മ കുറയുമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. നിയമം വന്നാല്‍ മെഡിക്കല്‍ കൗണ്‍സിലിന് പകരം വരുന്ന മെഡിക്കല്‍ കമ്മീഷനില്‍ 90 ശതമാനം പേരും സര്‍ക്കാര്‍ നോമിനികളാകും. ഈ നിബന്ധനകള്‍ക്കെതിരെയാണ് ഐഎംഎയുടെ സമരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam