
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ പ്രതിരോധ സിറത്തിന് ക്ഷാമം. മെഡിക്കൽ കോളേജ് ആശുപത്രികളിലടക്കം ഇമ്യൂണോ ഗ്ലോബുലിൻ കിട്ടാനില്ല. ഇതോടെ കടുത്ത ആശങ്കയിലാണ് രോഗികൾ. ടെണ്ടറിലുണ്ടായ പാളിച്ചയാണ് മരുന്ന് ക്ഷാമത്തിന് കാരണമെന്നാണ് വിവരം.
വളർത്തു മൃഗങ്ങളിൽ നിന്നടക്കം സാരമായ കടിയേൽക്കുമ്പോൾ നൽകാനുള്ള ഇമ്യൂണോ ഗ്ലോബുലിനു വേണ്ടിയാണ് നാടൊട്ടുക്ക് പരക്കം പാച്ചിൽ. പേവിഷ ബാധയ്ക്കെതിരെ സാധാരണ നൽകുന്ന ഐഡിആർവിയ്ക്ക് ഒപ്പം അധിക സുരക്ഷയ്ക്കും പെട്ടെന്നുള്ള പ്രതിരോധത്തിനും നൽകുന്നതാണ് ഇമ്യൂണോ ഗ്ലോബുലിൻ.
കഴിഞ്ഞ ദിവസം പാറശാലയിൽ പട്ടിയുടെ കടിയേറ്റ കുട്ടിയ്ക്ക് നൽകാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇമ്യൂണോ ഗ്ലോബുലിൻ ഉണ്ടായിരുന്നില്ല. ഇന്ന് ഇവിടെ അവശേഷിക്കുന്നത് 30 യൂണിറ്റാണ്. കഷ്ടിച്ച് രണ്ട് ദിവസത്തേക്കുള്ള ഈ ഡോസ് സംഘടിപ്പിച്ചത് ലോക്കൽ പർച്ചേസ് വഴിയാണ്. ഇടുക്കിയിൽ മെഡിക്കൽ കോളേജ് ആശുപത്രി ഒഴികെ ഒരിടത്തും ഇമ്യൂണോ ഗ്ലോബുലിൻ ഇല്ല.
കാസർഗോഡ് ജില്ലയിലെ പ്രധാന ആശുപത്രികളായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസർകോട് ജനറൽ ആശുപത്രിയിലും ഇമ്മ്യൂണോഗ്ലോബുലിൻ ഇല്ല. പത്തനംതിട്ടയിലും ഈ മരുന്നിന് ക്ഷാമമാണ്. നിലവിൽ, ഇമ്യൂണോഗ്ലോബുലിൽ ഉള്ള ആശുപത്രികളിൽ നിന്ന്, ആവശ്യം കൂടുതലുള്ള സ്ഥലങ്ങളിലേക്കെത്തിച്ച് പരിഹരിക്കാനാണ് ആരോഗ്യ വകുപ്പ് നിർദേശം. എത്തിച്ചു നൽകേണ്ട കെ എം എസ് സി എൽ ആകട്ടെ 9000 യൂണിറ്റിന് ഓർഡർ നൽകി കാത്തിരിക്കുകയാണ്.
രണ്ട് ദിവസത്തിനകം മരുന്ന് എത്തുമെന്നാണ് പ്രതീക്ഷ. കിട്ടിയില്ലെങ്കിൽ പ്രതിസന്ധി കനക്കും. നിലവിലെ ടെണ്ടർ കിട്ടിയ കരാറുകാരൻ ഇരട്ടി തുക ആവശ്യപ്പെട്ടതാണ് മരുന്നിന്റെ ലഭ്യത താളം തെറ്റാൻ കാരണമെന്ന് കെഎംഎസ്‌സിഎൽ വിശദീകരിക്കുന്നത്. എന്നാൽ ഇതിനുള്ള കാരണം വ്യക്തമാക്കുന്നില്ല. കണക്കാക്കിയതിലും കൂടുതൽ ആവശ്യം വരുന്നതാണ് ലഭ്യതക്കുറവിന് കാരണമാകുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സുരക്ഷ കണക്കിലെടുത്ത് ഡോക്ടർമാർ മുൻകരുതൽ ഡോസ് നിർദേശിക്കുന്നതും ഉപഭോഗം കൂടാനിടയായി. പക്ഷെ ഈ സ്ഥിതി മുൻകൂട്ടി കാണുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായി.