
കൊച്ചി: അഭിമന്യു കൊലക്കേസിലെ സുപ്രധാന രേഖകഖള്‍ കാണാനില്ല. എറണാകുളം പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രവും പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടും ഉള്‍പ്പെടെ 11 രേഖകളാണ് കാണാതായത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടാതെ വിവരം ഹൈക്കോടതിയെ അറിയിക്കുക മാത്രമാണ് സെഷന്‍സ് കോടതി ചെയ്തത്. രേഖകള്‍ കാണാതായത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.
2018 ജൂലെ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു കുത്തേറ്റ് മരിച്ചത്. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്എഫ്ഐയുടെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെയിലായിരുന്നു കൊലപാതകം. കേസില്‍ വര്‍ഷങ്ങള്‍ക്കുശേഷം വിചാരണ തുടങ്ങാനിരിക്കെയാണ് സെഷന്‍സ് കോടതിയില്‍ നിന്ന് രേഖകള്‍ കാണാതായത്.
കേസില്‍ പൊലീസ് അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ച കുറ്റപത്രവും പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടുമുള്‍പ്പെടെ 11 രേഖകളാണ് അപ്രത്യക്ഷമായത്.
മൂന്ന് മാസം മുന്‍പ് രേഖകള്‍ കാണാതായിട്ടും അന്വേഷണത്തിന് മുതിരാത്ത സെഷന്‍സ് കോടതി ഒടുവില്‍ ഹൈക്കോടതിയെ വിവരം അറിയിക്കുകയായിരുന്നു.
സുപ്രധാന കേസിലെ രേഖകള്‍ നഷ്ടമായതിന്‍റെ ഗൗരവം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി രേഖഖള്‍ വീണ്ടെടുക്കാന്‍ ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കി. അഭിമന്യു കൊലക്കേസില്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിനും പൊലീസിനും ആത്മാര്‍ത്ഥ ഇല്ലെന്ന ആക്ഷേപം സജീവമാണ്. മുഖ്യപ്രതിയെ പിടികൂടാന്‍ ഏറെ വൈകിയിരുന്നു. അഭിമന്യുവിനെ കുത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. കോടതിയിലും കേസ് വിചാരണ തുടങ്ങാതെ ഏറെക്കാലമായി കെട്ടികിടക്കുകയായിരുന്നു. രേഖകള്‍ കാണാതായ വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് ഫേസ്ബുക്കില്‍ കുറിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ സംഭവം ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം