'പ്രതികൾ ഒരുവിഭാ​ഗക്കാർ മാത്രം'; മുഖ്യമന്ത്രിയുടെ പ്രസ്താവന സമാധാനം ഉറപ്പാക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെ

Published : Mar 06, 2024, 08:41 PM IST
'പ്രതികൾ ഒരുവിഭാ​ഗക്കാർ മാത്രം'; മുഖ്യമന്ത്രിയുടെ പ്രസ്താവന സമാധാനം ഉറപ്പാക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെ

Synopsis

വൈദികനു നേരെ വണ്ടികയറ്റിയതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും  ഒരു വിഭാഗക്കാരെ മാത്രം പൊലീസ് തിരഞ്ഞ് പിടിച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: പൂഞ്ഞാറിൽ വൈദികനു നേരെ ഉണ്ടായ ആക്രമണം തെമ്മാടിത്തരമെന്ന് മുഖ്യമന്ത്രി. വൈദികനു നേരെ വണ്ടികയറ്റിയതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും  ഒരു വിഭാഗക്കാരെ മാത്രം പൊലീസ് തിരഞ്ഞ് പിടിച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികളുടെ പേരുകളോ മത പശ്ചാത്തലമോ വെളിപ്പെടുത്താതെ സംയമന അന്തരീക്ഷം സൃഷ്ടിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് ഒരു മതവിഭാഗത്തിൽപ്പെട്ടവർ മാത്രമാണ് പ്രതികളെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കടുപ്പിച്ചത്. 

ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിനിടെ കെഎൻഎം ഉപാധ്യക്ഷൻ ഹുസൈൻ മടവൂർ ഉന്നയിച്ച ചോദ്യത്തോടുള്ള മറുപടി എന്ന നിലയിലാണ് പൂഞ്ഞാർ വിഷയം മുഖ്യമന്ത്രി പരാമർശിച്ചത്. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരിയെ വണ്ടിയിടിപ്പിച്ച കേസിൽ മുസ്ലിം വിഭാഗക്കാരെ മാത്രം തീരഞ്ഞുപിടിച്ച് പ്രതി ചേർത്തു എന്നായിരുന്നു മടവൂരിന്റെ പരാമർശം. എന്നാൽ പൂഞ്ഞാറിൽ നടന്നത് തെമ്മാടിത്തമാണെന്നും മുസ്ലിം വിഭാഗക്കാർ മാത്രമാണ് കേസിൽ ഉൾപ്പെട്ടതെന്നും മുഖ്യമന്ത്രി തുറന്നടിക്കുകയായിരുന്നു. 

ഫെബ്രുവരി 23നാണ് പൂഞ്ഞാർ സെൻമേരിസ് പള്ളിയിലെ സഹ വികാരി ഫാദർ ജോസഫ് ആറ്റുച്ചാലിനെ ഈരാറ്റുപേട്ടയിൽ നിന്ന് എത്തിയ ഒരു കൂട്ടം യുവാക്കൾ പള്ളി മുറ്റത്ത് വച്ച് വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി ഉയർന്നത്. സംഭവത്തിൽ പ്രായ പൂത്തിയാകാത്തവരടക്കം പ്ലസ് ടു വിദ്യാർത്ഥികളായ 27 പേരെ വധശ്രമ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പ്രശ്നം മതപരമായ സ്പർധയിലേക്ക് നീങ്ങാതിരിക്കാൻ കേസിൽ അറസ്റ്റിലായവരുടെ പേരോ മറ്റു വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല. റീൽസ് എടുക്കാൻ വേണ്ടി പള്ളി മുറ്റത്ത് എത്തിയ കുട്ടികളും വൈദികനും തമ്മിലുണ്ടായ തർക്കം മതപരമായി ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നെന്ന വിമർശനവും ഉയർന്നിരുന്നു. 

കഴിഞ്ഞയാഴ്ച മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ കോട്ടയത്ത് ചേർന്ന സർവകക്ഷി സമാധാനയോഗം ഇരു വിഭാഗവുമായും ചർച്ച നടത്തി പ്രശ്നം പരിഹരിച്ചെന്ന പ്രഖ്യാപനവും നടത്തി. പ്രതികളായ മുഴുവൻ വിദ്യാർത്ഥികൾക്കും ജാമ്യവും കിട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ മാത്രമാണ് പ്രതികളെന്ന് വ്യക്തമാക്കിയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന. വിഷയത്തിൽ ക്രൈസ്തവ വിഭാഗത്തിൽ നില നിൽക്കുന്ന ആശങ്കയെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഉപയോഗിക്കാൻ കൂടി ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്ന വിലയിരുത്തലുകളും ഉയർന്നിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം