
തിരുവന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളില്‍ ഇന്ന് തൈപൊങ്കൽ അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പ്രാദേശിക അവധിയുള്ളത്. ഈ ജില്ലകളിൽ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കാര്യാലയങ്ങള്‍ അവധിയായിരിക്കുമെന്ന് കെഎസ്ഇബിയും അറിയിച്ചിട്ടുണ്ട്. വൈദ്യുതി തടസ്സം ഉണ്ടാകാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. വൈദ്യുതി തകരാറുണ്ടായാല്‍ ഉടനടി പരിഹരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട എല്ലാ ഫീല്‍ഡ് ഓഫീസര്‍മാരും ഉറപ്പ് വരുത്തേണ്ടതാണ്. ക്യാഷ് കൗണ്ടറുകള്‍ക്കും അവധിയായിരിക്കും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് വിവിധ ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങളിലൂടെ പണമടയ്ക്കാന്‍ കഴിയുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. തമിഴ്നാട്ടിലെ പ്രധാന ആഘോഷമാണ് തൈപ്പൊങ്കൽ. തമിഴ്നാട് പൊങ്കലിനോട് അനുബന്ധിച്ച് നീണ്ട അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജനുവരി പത്ത് മുതൽ 16 വരെ തമിഴ്നാട്ടിലെ എല്ലാ സ്കൂളുകൾക്കും അവധിയാണ്. 15 വരെയാണ് ആദ്യം അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തീയതി നീട്ടണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നതോടെ ഒരു ദിവസം കൂടി അവധി നൽകുകയായിരുന്നു. തമിഴ്നാടിനൊപ്പം തെലങ്കാനയും പൊങ്കലിന് സമാനമായി നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 17നായിരിക്കും പൊങ്കൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുക.
സമൃദ്ധിയുടെ ഉത്സവമായ പൊങ്കൽ
ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിളവെടുപ്പ് ഉത്സവമാണ് തൈപ്പൊങ്കൽ. തമിഴ് കലണ്ടറിലെ പത്താം മാസമായ 'തൈ' മാസത്തിന്റെ ആദ്യ നാളിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. പ്രകൃതിക്കും സൂര്യദേവനും കൃഷിക്കും നൽകുന്ന ആദരവുകൂടിയാണ് ഈ ദിനം. പൊങ്കൽ എന്ന വാക്കിന്റെ അർത്ഥം തിളച്ചു പൊങ്ങുക, അല്ലെങ്കിൽ കവിഞ്ഞൊഴുകുക എന്നാണ്. പുതിയ നെല്ലും പാലും ശർക്കരയും ചേർത്ത് മൺപാത്രത്തിൽ തയ്യാറാക്കുന്ന വിഭവം തിളച്ചു മറിയുമ്പോൾ കുടുംബാംഗങ്ങൾ ആവേശത്തോടെ 'പൊങ്കലോ പൊങ്കൽ' എന്ന് വിളിച്ചു പറയുന്നു.
ഇത് വരാനിരിക്കുന്ന സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പ്രതീകമായാണ് കരുതപ്പെടുന്നത്. നാലു ദിവസം നീണ്ടുനിൽക്കുന്നതാണ് പൊങ്കൽ ആഘോഷങ്ങൾ. പഴയ സാധനങ്ങൾ തീയിലിട്ട് നശിപ്പിക്കുകയും പുതിയ തുടക്കത്തിനായി വീടും പരിസരവും ശുദ്ധിയാക്കുകയും ചെയ്യുന്ന ദിനം. സൂര്യദേവന് നന്ദി അർപ്പിച്ച് മുറ്റത്ത് പൊങ്കൽ തയ്യാറാക്കുന്നതാണ് പ്രധാന ആഘോഷം. കർഷകരെ കൃഷിയിൽ സഹായിക്കുന്ന കന്നുകാലികളെ ആരാധിക്കുന്ന ദിവസം. അന്ന് അവയെ കുളിപ്പിച്ച് ചായം പൂശി അലങ്കരിക്കുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നതിനും ഒരുമിച്ച് സമയം ചിലവഴിക്കുന്നതിനുമുള്ള ദിവസം കാണും പൊങ്കലായും ആഘോഷിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam