
മലപ്പുറം : മലപ്പുറത്ത് ദേശീയപാത വികസനത്തിനായി മരം മുറിച്ചപ്പോൾ പക്ഷികൾ അരുംകൊല ചെയ്യപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ജെ സി ബി ഡ്രൈവറേയും വാഹനവും വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തു. കരാർ കമ്പനിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം ആണ് വനം വകുപ്പ് കേസെടുത്തത്. കെ എൻ ആർ സി എന്ന കമ്പനിയാണ് ദേശീയപാത വികസനത്തിനു കരാർ ഏറ്റെടുത്തിരിക്കുന്നത്. മരം മുറിക്കുന്നതിന് ഇവർ ഉപകരാർ നൽകുകയായിരുന്നു.
പക്ഷികൾ ചത്ത സംഭവം വിവാദമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തി. എന്നാൽ ഇവർ എത്തും മുമ്പ് മൂന്ന് ചാക്കുകളിലായി ചത്ത പക്ഷികളെ തൊഴിലാളികൾ മാറ്റി .ഇത് അടുത്തുള്ള സ്ഥലത്തു കൊണ്ടുപോയി മറവു ചെയ്യുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
അതേസമയം വനം വകുപ്പിന്‍റെ അനുമതി ഇല്ലാതെയാണ് മരം മുറിയെന്ന് കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പിന്‍റെ നിര്‍ദ്ദേശം ലംഘിച്ചാണ് ഇത് ചെയ്തിരിക്കുന്നത്. രാമനാട്ടുകര മുതൽ പൊന്നാനി അതിർത്തി വരെയുള്ള ഭാഗത്ത് രണ്ടായിരത്തിലേറെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയിരുന്നു. അതിൽ ഈ മരം ഉൾപ്പെട്ടിട്ടില്ല. അനുമതി ഇല്ലാതെ കൂടുതൽ മരങ്ങൾ മുറിച്ചോ എന്നും വനം വകുപ്പ് പരിശോധിക്കും. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററും സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജ്യണ്‍ കണ്‍സര്‍വേറ്ററും ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സ്ഥലം സന്ദര്‍ശിച്ച് കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു
ഇതിനിടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. ദേശീയപാതാ അതോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.ദേശീയപാതാ അതോറിറ്റിയുടെ കീഴിലുള്ള നിർമ്മാണമായതിനാലാണ് ദേശീയപാതാ അതോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാനും നാഷണൽ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടു. കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്.
മലപ്പുറത്തു ദേശീയ പാത വികസനത്തിന് വേണ്ടി മരം മുറിച്ചപ്പോൾ നിരവധി പക്ഷികൾ ചത്തു പോയി . ചിതറിത്തെറിച്ച മുട്ടകളും ജീവൻ പോയ പറക്കമുറ്റാത്ത പക്ഷിക്കുഞ്ഞുങ്ങളും കരളലിയിക്കുന്ന കാഴ്ചയായിരുന്നു. ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ നീർക്കാക്ക കുഞ്ഞുങ്ങൾ ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം.
മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശം പോലും കരാറുകാരൻ ലംഘിക്കുകയായിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam