ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

By Web TeamFirst Published Apr 30, 2021, 8:53 AM IST
Highlights

ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനാണ് കേസിലെ പ്രതി. കേസ് അന്വേഷിക്കുന്ന റെയിൽവേ പൊലീസാണ് നോട്ടീസ് ഇറക്കിയത്. കോട്ടയം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

കൊച്ചി: മുളന്തുരുത്തിക്ക് സമീപം പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനാണ് കേസിലെ പ്രതി. കേസ് അന്വേഷിക്കുന്ന റെയിൽവേ പൊലീസാണ് നോട്ടീസ് ഇറക്കിയത്. കോട്ടയം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ട്രെയിനിൽ വച്ച് ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന ബാബുക്കുട്ടൻറെ ഫോട്ടോ പരിക്കേറ്റ യുവതിയെ കാണിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് കേസന്വേഷിക്കുന്ന റെയിൽവേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശിയായ ബാബുക്കുട്ടൻറെ ഫോട്ടോ നേരത്തെ പുറത്തു വിട്ടിരുന്നു. രണ്ടു ഡിവൈഎസ്പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തുന്നത്. മധ്യകേരളത്തിലെ കോട്ടയം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും തെരച്ചിൽ. ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, തിരുവല്ല തുടങ്ങിയ ഭാഗങ്ങളിലാണ് ഇയാളെ മുമ്പ് കണ്ടിട്ടുള്ളത്. ഗുരുവായൂ‍ർ മുതൽ എറണാകുളം വരെ ഇയാൾ താമസിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം രാത്രി പോലീസ് പരിശോധിച്ചു. ട്രെയിനുകളിലും തെരച്ചിൽ നടത്തി. 

വീടുമായും ബന്ധുക്കളുമായും അകന്നു കഴിയുന്നയാളാണ് ബാബുക്കുട്ടൻ. മറ്റൊരു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് പുറത്തിറങ്ങിയത്. ഇതിനു ശേഷം ഒരു തവണ മാത്രമേ വീട്ടിലെത്തിയിട്ടുള്ളുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോണും ഉപയോഗിക്കുന്നില്ല. ഇതാണ് കണ്ടെത്താൻ വെല്ലുവിളി ആയിരിക്കുന്നത്. നൂറനാട് പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കൂടുതൽ കേസുകളുള്ളത്. ട്രെയിനിൽ വച്ച് യാത്രക്കാരിയെ ഭീഷണിപ്പെടുത്തി മാല തട്ടിയ സംഭവത്തിൽ കൊല്ലം റെയിൽവേ പോലീസ് മുമ്പ് പിടികൂടിയിട്ടുണ്ട്. 

പരുക്കേറ്റ മുളന്തുരുത്തി സ്വദേശി ആശ മുരളീധരൻറെ ആരോഗ്യ നില തൃപ്തികരമാണ്. ഇവരെ ഇന്നലെ മുറിയിലേക്ക് മാറ്റി.
ബുധനാഴ്ച രാവിലെയാണ് ഓടിക്കൊണ്ടിരുന്ന പുനലൂർ പാസഞ്ചറിൽ വെച്ച് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മുളംതുരുത്തി സ്വദേശിനിയെയാണ് ഉപദ്രവിച്ചത്. കവർച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം.ട്രെയിനിൽ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!