'സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് കുറയ്ക്കണം'; ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

By Web TeamFirst Published Apr 30, 2021, 7:11 AM IST
Highlights

പലർക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നതിനാല്‍ ഈ സാഹചര്യം സ്വകാര്യ ആശുപത്രികൾ മുതലെടുക്കുകയാണ്. അതിനാൽ ചികിത്സ നിരക്ക് കുറയ്ക്കാനുള്ള ഇടപെടൽ നടത്താൻ സർക്കാരിന് നിർദ്ദേശം നൽകണം എന്നാണ് ഒരു അഭിഭാഷകൻ നൽകിയ ഹർജിയിലെ ആവശ്യം

കൊച്ചി: സ്വകാര്യ ആശുപത്രികളിലെയും നഴ്സിംഗ് ഹോമുകളിലെയും കൊവിഡ് ചികിത്സാ നിരക്ക് കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ ആശുപത്രിയിൽ മതിയായ വെന്‍റിലേറ്റർ സൗകര്യങ്ങൾ അടക്കം ഇല്ലാത്തതിനാൽ പലർക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. ഈ സാഹചര്യം സ്വകാര്യ ആശുപത്രികൾ മുതലെടുക്കുകയാണ്.

അതിനാൽ ചികിത്സ നിരക്ക് കുറയ്ക്കാനുള്ള ഇടപെടൽ നടത്താൻ സർക്കാരിന് നിർദ്ദേശം നൽകണം എന്നാണ് ഒരു അഭിഭാഷകൻ നൽകിയ ഹർജിയിലെ ആവശ്യം. കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയും കോടതിയുടെ പരിഗണനയ്ക്ക് വരും അഭിഭാഷകൻ ആയ സാബു പി ജോസഫ് ആണ് ഹർജിക്കാരൻ. ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര്‍ടിപിസ ആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ഇന്നലെ അറിയിച്ചിരുന്നു. ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു.

എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐസിഎംആര്‍ സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കൊവിഡ് പരിശോധനകളും നടത്തുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!