ഔദ്യോഗിക വിവരം എസ്ഡിപിഐക്ക് ചോർത്തി നൽകിയ സംഭവം; തൊടുപുഴയിലെ പൊലീസുകാരനെ പിരിച്ചുവിട്ടു

Web Desk   | Asianet News
Published : Feb 23, 2022, 07:24 PM IST
ഔദ്യോഗിക വിവരം എസ്ഡിപിഐക്ക് ചോർത്തി നൽകിയ സംഭവം; തൊടുപുഴയിലെ പൊലീസുകാരനെ പിരിച്ചുവിട്ടു

Synopsis

ഇടുക്കി എസ് പി കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പൊലീസ് ശേഖരിച്ച ആർ എസ് എസ് പ്രവർത്തകരുടെ വിവരമാണ് ചോർത്തി നൽകിയത്. 

തൊടുപുഴ: പൊലീസിന്റെ ഔദ്യോഗിക വിവരം എസ് ഡി പി ഐക്ക് (SDPI) ചോർത്തി നൽകിയ സംഭവത്തിൽ പൊലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. കരിമണ്ണൂർ (Karimannur) സ്റ്റേഷനിലെ പൊലീസുകാരൻ അനസ് പി കെയെയാണ് (Anas PK) പിരിച്ചു വിട്ടത്.

ഇടുക്കി എസ് പി കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പൊലീസ് ശേഖരിച്ച ആർ എസ് എസ് പ്രവർത്തകരുടെ വിവരമാണ് ചോർത്തി നൽകിയത്. 

സംഭവത്തിൽ ശിക്ഷ നടപടി സ്വികരിക്കുന്നതിനു മുന്നോടിയായി പോലീസുകാരന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കരുതൽ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങളാണ് കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ പൊലീസുകാരനായിരുന്ന അനസ് പി കെ ചോർത്തി നൽകിയത്.  സംഭവത്തിൽ തൊടുപുഴ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.  തുടർന്ന് വകുപ്പു തല അന്വേഷണം നടത്താൻ നാർക്കോട്ടിക്ക്  സെൽ    ഡി വൈ എസ് പി എ ജി ലാലിനെ നിയോഗിച്ചു. ഇദ്ദേഹം നടത്തിയ അന്വേഷണത്തിലും അനസ് ഔദ്യോഗിക രഹസ്യം എസ്ഡിപിഐ ക്കാർക്ക് ചോർത്തി നൽകിയതായി കണ്ടെത്തി. വിവരങ്ങൾ ചോർത്തിയതിന്റെ ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. 

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡ പട്ടേലിനെ മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഇ മെയിൽ എഴുതിയതായും ഇടുക്കി ജില്ല പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.  സർക്കാർ ജോലിയിലിരിക്കെ ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ഇ മെയിൽ അയച്ചത്.  റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ അനസിന് എസ് പി ആർ കറുപ്പസ്വാമി കാരണം കാണിക്കൽ നോട്ടീസ് നൽകുകയായിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഇപ്പോൾ സർവീസിൽ നിന്നും പിരിച്ചു വിട്ടത്.   

തൊടുപുഴയില്‍ ഒരു കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ എസ്ഡിപിഐ പ്രവര്‍ത്തകർ ബസിൽ നിന്ന് വലിച്ചിറക്കി മര്‍ദിച്ചിരുന്നു. സമൂഹ മാധ്യമത്തിൽ ചില പോസ്റ്റുകൾ ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇതേത്തുടർന്ന് അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണുകൾ പോലീസ് പരിശോധിച്ചു. പ്രതികളിൽ ഒരാളായ വണ്ണപ്പുറം സ്വദേശി ഷാനവാസിൻറെ മൊബൈലിൽ നിന്നാണ് ചോർത്തൽ സംബന്ധിച്ച സൂചനകൾ പൊലീസിന് ലഭിച്ചത്. തുടർന്ന് തൊടുപുഴ ഡിവൈഎസ് പി  നടത്തിയ അന്വേഷണത്തിലാണ് ഷാവനാസുമായി അനസ് നിരന്തരമായി ആശയവിനിമയം നടത്തിയിരുന്നതായും പോലീസ് ഡാറ്റാബേസിലുള്ള ആര്‍എസ്എസ് നേതാക്കളുടെ പേരും അഡ്രസും അടക്കം ഇയാള്‍ക്ക് വാട്സാപ്പിലൂടെ അയച്ചു നല്‍കിയതായും കണ്ടെത്തിയത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹിയറിങ്ങിലൂടെ 39,297 പേർ പുറത്തായി, സമയം ഇന്ന് അവസാനിക്കും
ആലിന്റെ അവയവങ്ങൾ നാലു കുഞ്ഞുങ്ങൾക്ക് പുതുജീവിതമേകും; അതി സങ്കീർണ ശസ്ത്രക്രിയ തുടരുന്നു, സംസ്കാരം നാളെ