സമരം ഫലം കണ്ടു; പിജി ഡോക്ടർമാരുടെയും ഹൗസ് സർജന്മാരുടെയും സ്റ്റൈപന്‍റ് വര്‍ധിപ്പിച്ചു

By Web TeamFirst Published Jul 5, 2019, 3:07 PM IST
Highlights

2015ന് ശേഷം ഇതാദ്യമായാണ് പിജി ഡോക്ടർമാരുടെയും ഹൗസ് സർജന്മാരുടെയും സ്റ്റൈപന്‍റ് വര്‍ധിപ്പിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും ഡെന്‍റല്‍ കോളേജുകളിലേയും പിജി വിദ്യാർത്ഥികളുടേയും ഹൗസ് സർജന്മാരുടെയും സ്റ്റൈപന്‍റ് വർധിപ്പിക്കുന്നതിന് ഉത്തരവിട്ട് സർക്കാർ. ഹൗസ് സർജന്മാരുടെ സ്റ്റൈപന്‍റ് 5000 രൂപയും പിജി, ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾക്ക് 10000 രൂപയും സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകൾക്ക് 16000, 17000, 18000 എന്ന നിലയിലും വർദ്ധിപ്പിക്കാനാണ് ധാരണയായത്.

2015ന് ശേഷം ഇതാദ്യമായാണ് ഇവരുടെ സ്റ്റൈപന്‍റ് വര്‍ധിപ്പിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. മെഡിക്കല്‍, ദന്തല്‍ വിഭാഗങ്ങളിലെ നോണ്‍ അക്കാദമിക് വിഭാഗത്തില്‍ ബോണ്ട് വ്യവസ്ഥയിലുള്ള സീനിയര്‍ റസിഡന്‍റുമാരുടെ സ്റ്റൈപന്‍റ് 20,000 രൂപ വര്‍ധിപ്പിച്ച് 70,000 രൂപയുമാക്കിയിട്ടുണ്ട്. ഇതുകൂടാതെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ജോലിചെയ്യുന്ന ജൂനിയര്‍ റെസിഡന്‍റുമാര്‍ക്കുള്ള 35,000 രൂപയില്‍ നിന്നും 42,000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും സ്റ്റൈപന്‍റ് വർധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. സമരത്തിന്‍റെ ആദ്യഘട്ടമായി ഒ പിയും കിടത്തി ചികില്‍സയും ബഹിഷ്കരിക്കുമെന്നും അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ സമരത്തില്‍ നിന്നൊഴിവാക്കുമെന്നും സമരാനുകൂലികള്‍ അറിയിച്ചിരുന്നു. 
 

click me!