'അക്രമണങ്ങളെല്ലാം വീണാ ജോർജ്ജ് ചുമതലയേറ്റ ശേഷം, നടപടിയില്ലെങ്കിൽ വാക്സീനേഷൻ നിർത്തിവെക്കും': ഐഎംഎ

By Web TeamFirst Published Aug 13, 2021, 11:16 AM IST
Highlights

അക്രമണങ്ങൾ എല്ലാം നടന്നത് വീണ ജോർജ് ചുമതല ഏറ്റതിന് പിന്നാലെയാണെന്നും പ്രതികൾക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ വാക്സീനേഷൻ ഉൾപ്പെടെ നിർത്തിവെയ്ക്കുന്ന സാഹചര്യത്തിലേക്ക് പോകുമെന്നും ഐഎംഎ പ്രസിഡന്റ്

തിരുവനന്തപുരം: ഡോക്ടർമാരെ മർദ്ദിച്ച സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിയമസഭയിലെ മറുപടിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അക്രമണങ്ങൾ എല്ലാം നടന്നത് ആരോഗ്യ വകുപ്പ് മന്ത്രിയായി വീണ ജോർജ് ചുമതല ഏറ്റതിന് പിന്നാലെയാണെന്നും പ്രതികൾക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ വാക്സീനേഷൻ ഉൾപ്പെടെ നിർത്തിവെയ്ക്കുന്ന സാഹചര്യത്തിലേക്ക് പോകുമെന്നും തീരുമാനം സംസ്ഥാന സമിതിയുമായി ആലോചിച്ച ശേഷമെടുക്കുമെന്നും ഐഎംഎ പ്രസിഡന്റ് പ്രതികരിച്ചു.

ആരോഗ്യപ്രവ൪ത്തക൪ക്കെതിരായ അതിക്രമങ്ങളിൽ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ഐഎ൦എ ആലുവ എസ് പി ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. കുട്ടനാട് അടക്കം അക്രമത്തിൽ പ്രതികളാരാണെന്ന് വ്യക്തമായിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല. മുഖ്യമന്ത്രി നൽകിയ ഉറപ്പുകളും പാലിക്കപ്പെട്ടില്ല. എങ്ങനെ ധൈര്യത്തോടെ ജോലി ചെയ്യാൻ സാധിക്കുമെന്നും ഐഎംഎ പ്രതിനിധികൾ പ്രതികരിച്ചു. 

ഒടുവിൽ 'ശ്രദ്ധയിൽപ്പെട്ടു', ഡോക്ടർമാർക്കെതിരായ അക്രമത്തിൽ നിയമസഭയിലെ ഉത്തരം തിരുത്തി ആരോഗ്യമന്ത്രി

അതിനിടെ ഡോക്ടർമാർക്കെതിരായ അക്രമങ്ങൾ വർദ്ധിച്ച് വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന നിയമസഭയിലെ ഉത്തരം ആരോഗ്യ മന്ത്രി വീണാ ജോർജ് തിരുത്തി. ഡോക്ടർമാർക്ക് എതിരായ അക്രമം കൂടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രി തിരുത്തിയത്. സ്പീക്കറുടെ പ്രത്യേക അനുമതിയോടെ പുതുക്കിയ മറുപടി സഭയുടെ മേശപ്പുറത്ത് വെച്ചു. 

ആഗസ്റ്റ് നാലിന് നിയമസഭയിൽ രേഖാമൂലം നൽകിയ  മറുപടിയിലാണ് രോഗികളുടെ ബന്ധുക്കളിൽ നിന്നും അക്രമങ്ങൾ വർദ്ധിച്ച് വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി അറിയിച്ചത്. പാറശ്ശാല, കുട്ടനാട് അടക്കം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഡോക്ടർമാർക്കതിരെ ഉണ്ടായ അക്രമങ്ങൾ സജീവചർച്ചയാകുമ്പോഴാണ് ഒന്നും അറിഞ്ഞില്ലെന്ന വിചിത്ര മറുപടി മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. 

click me!